---
title: "കട്ടിലിൽ നിന്ന് താഴെ വീണ രോഗി മരിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെന്ന് പരാതി; കേസെടുത്ത് പൊലീസ് "
english_title: "Patient Dies After Falling From Bed At Trivandrum Medical College Complaint Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380592/patient-dies-falling-from-bed-trivandrum-medical-college"
published_at: "2026-08-31T19:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9589c75c174_patient-dies-falling-from-bed-trivandrum-medical-college.jpg"
keywords: ["Thiruvananthapuram Medical College", "Medical Negligence", "Patient Death"]
---

# കട്ടിലിൽ നിന്ന് താഴെ വീണ രോഗി മരിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെന്ന് പരാതി; കേസെടുത്ത് പൊലീസ് 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശിയായ സുകുമാരപിള്ള ആണ് മരണപ്പെട്ടത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശിയായ സുകുമാരപിള്ള ആണ് മരണപ്പെട്ടത്.

പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കട്ടിലിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 26-നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ 29-ന് ഇദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു.

അപകടം നടക്കുന്നത് വരെ സംസാരിച്ചിരുന്ന സുകുമാരപിള്ള, വീഴ്ചയ്ക്ക് ശേഷം അവശ നിലയിലാവുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പരിക്കേറ്റ് അവശനിലയിലായിട്ടും ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയോ വിദഗ്ധ ചികിത്സ നൽകുകയോ ചെയ്തില്ലെന്നും കുടുംബം പറയുന്നു.

സ്ട്രോക്ക് വരാൻ സാധ്യതയുള്ള രോഗികൾക്ക് നൽകേണ്ട ഹാൻഡ് റെയിലുള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മകൻ വ്യക്തമാക്കി. രോഗിയെ റഫർ ചെയ്ത പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നുതന്നെ വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു.

അതേസമയം, മരണത്തിൽ ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. രോഗിക്കൊപ്പം രണ്ട് ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നും അവർ അടുത്തില്ലാത്ത സമയത്താണ് രോഗി വീണതെന്നും അധികൃതർ അറിയിച്ചു. ഹാൻഡ് റെയിൽ ഉള്ള കട്ടിലുകൾ ഒഴിവുണ്ടായിരുന്നില്ലെന്നും അത് നൽകുന്നതിന് ചില മാനദണ്ഡങ്ങൾ ഉള്ളതുകൊണ്ടാണ് നൽകാതിരുന്നതെന്നും മെഡിക്കൽ കോളജ് വ്യക്തമാക്കി. രോഗി വീണ ഉടൻ തന്നെ ആവശ്യമായ ചികിത്സ നൽകിയിരുന്നെന്നും ഐ.സി.യുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നുമാണ് ആശുപത്രിയുടെ വാദം.

**English Summary:**

An 87-year-old stroke patient, Sukumaran Pillai from Chadayamangalam, Kollam, died following a fall from a hospital bed at Trivandrum Medical College. His family alleged medical negligence, stating that the hospital failed to provide a bed with handrails despite knowing his condition, and did not shift him to the ICU after the fall. Medical College Police registered a case based on the family's complaint. However, hospital authorities denied the allegations, stating that the patient fell when relatives were away and was treated immediately, adding that ICU care was not required.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380592/patient-dies-falling-from-bed-trivandrum-medical-college)