---
title: "വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: മരിച്ച സുനിലിന്റെ കുടുംബത്തിന് 5 ലക്ഷം അടിയന്തര സഹായം കൈമാറി"
english_title: "Vilangad Wild Bison Attack Sunil Family Gets 5 Lakh Emergency Aid MLA KM Abhijith"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380451/vilangad-wild-bison-attack-sunil-family-5-lakh-aid-mla-abhijith"
published_at: "2026-08-30T18:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a942a64d701d_r.jpg"
keywords: ["Wild Animal Attack", "Wild Buffalo Attack", "Vilangad Sunil Death", "Kozhikode New", "MLA KM Abhijith"]
---

# വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: മരിച്ച സുനിലിന്റെ കുടുംബത്തിന് 5 ലക്ഷം അടിയന്തര സഹായം കൈമാറി

> **Lead Summary:** വിലങ്ങാട് (കോഴിക്കോട് ): ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിലങ്ങാട് വായാട് സ്വദേശി സുനിലിന്റെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറി.

## Article Content

വിലങ്ങാട് (കോഴിക്കോട് ): ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിലങ്ങാട് വായാട് സ്വദേശി സുനിലിന്റെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറി.

നാദാപുരം എംഎൽഎ കെ.എം അഭിജിത്താണ് തുക കൈമാറിയത്. സുനിലിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയാണ് തുക നൽകിയത്. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂർ, ഡിഎഫ്ഒ ജോഷി ലിന എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ശനിയാഴ്ച വിലങ്ങാട് വായാട് ഉന്നതിയിലാണ് ദാരുണ സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ ചേർന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ, നാട്ടുകാർക്കൊപ്പം ഉണ്ടായിരുന്ന സുനിലിന് നേരെ പോത്ത് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞുവെച്ചു.

പിന്നീട് എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും, ഫെൻസിങ് ഉൾപ്പെടെയുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയുമാണ് പ്രതിഷേധം അവസാനിച്ചത്. വിലങ്ങാട് മേഖലയിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാണെന്ന പരാതി നാട്ടുകാർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

**ഇരട്ട ദുരന്തമായി കുടുംബം; സഹോദര പുത്രനും മരിച്ചു**

അതിനിടെ സുനിലിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് ഇരട്ട ദുരന്തം. സുനിലിന്റെ പിതൃസഹോദര പുത്രൻ ജിനേഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ സുനിലിന്റെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടോളി ഗവ. എൽപി സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു.

**English Summary:**

In Vilangad, Rs 5 lakh emergency aid from the government was handed over to the family of Sunil who died in a wild bison attack. Nadapuram MLA K M Abhijith handed over the amount after the funeral. Panchayat President Sajina Manniyoor and DFO Joshi Lina accompanied him. Sunil was attacked on Saturday at Vayad Unnathi while trying to chase away a bison that entered the residential area. Protests erupted after the incident. Meanwhile, Sunil's cousin Jinesh, 34, a last grade staff at Vattoli Govt LP School, died of heart attack last night at Sunil's house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380451/vilangad-wild-bison-attack-sunil-family-5-lakh-aid-mla-abhijith)