---
title: "ലഹരി ഉപയോഗത്തെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി; യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്, മുഖത്ത് ഗുരുതര പരിക്ക് "
english_title: "Hapur Acid Attack Man Attacks Woman Sister After Marriage Proposal Rejected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380443/hapur-acid-attack-man-attacks-woman-sister-marriage-rejected"
published_at: "2026-08-30T17:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a941bf322568_hapur-acid-attack-man-attacks-woman-sister-marriage-rejected.jpg"
keywords: ["Acid Attack", "Uttar Pradesh Crime", "Marriage Rejected", "Crime News"]
---

# ലഹരി ഉപയോഗത്തെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി; യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്, മുഖത്ത് ഗുരുതര പരിക്ക് 

> **Lead Summary:** ഹാപൂർ: വിവാഹത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ യുവതിയ്ക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ദാരുണമായ സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഹാപൂർ: വിവാഹത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ യുവതിയ്ക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ദാരുണമായ സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാപൂർ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടിയാണ് (26) ആക്രമണം നടത്തിയത്. കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഭവസ്ഥലത്തുണ്ടായിരുന്ന കുടുംബാംഗങ്ങൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രതിയായ ഹർഷ് ഭാട്ടിയുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ യുവാവിന് ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഈ വിവാഹാലോചന പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

ഇതിന്റെ പ്രതികാരമായി ശനിയാഴ്ച രാത്രിയോടെ ഹർഷ് ഭാട്ടി ആസിഡുമായി യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറന്ന ഉടനെ യുവതിയുടെയും ആക്രമണത്തെ തടയാൻ ശ്രമിച്ച സഹോദരിയുടെയും മുഖത്തേക്ക് ഇയാൾ ആസിഡാക്രമണം നടത്തുകയായിരുന്നു.

തുടർന്ന്, നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സിംഭാവലി പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380443/hapur-acid-attack-man-attacks-woman-sister-marriage-rejected)