---
title: "സ്ത്രീവിരുദ്ധ  പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സിപിഎം അംഗീകരിക്കില്ല - എ.കെ ബാലൻ"
english_title: "CPM Will Not Accept Anti Women Remarks Even If God Says AK Balan Kanthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380427/ak-balan-cpm-anti-women-remarks-god-kanthapuram-response-palakkad"
published_at: "2026-08-30T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93fc7ceb386_ak-balan-cpm-anti-women-remarks-god-kanthapuram-response-palakkad.jpg"
keywords: ["AK Balan", "CPM", "Kanthapuram AP Aboobacker Musliyar", "Anti Women Remarks"]
---

# സ്ത്രീവിരുദ്ധ  പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സിപിഎം അംഗീകരിക്കില്ല - എ.കെ ബാലൻ

> **Lead Summary:** പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംഘടനകൾക്കും അവരുടേതായ നയങ്ങളുണ്ട്. എന്നാൽ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ ആരു പറഞ്ഞാലും അംഗീകരിക്കാതിരിക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കമുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളി. രണ്ട് പാർട്ടികൾക്കും അവരവരുടെ നയങ്ങൾ പറയാൻ അവകാശമുണ്ട്.

മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. ബിനോയ് വിശ്വം സി.പി.ഐയുടെ അഭിപ്രായവും പറഞ്ഞു.

രാജ്യസഭാ സീറ്റ് വിഭജനത്തിലും പി.എം ശ്രീ പദ്ധതിയിലുമുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതുപോലെ ഇതും അവസാനിക്കും. ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സി.പി.എമ്മും സി.പി.ഐയും. ഈ ബന്ധം തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്കൊടിയുടെ തണൽ പറ്റി നിൽക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കന്റെ അവസ്ഥയിലാണ് അവരിപ്പോൾ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുസ്‌ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായം തേടിയിട്ടുള്ളത് അവർക്ക് തന്നെ അറിയാവുന്ന കാര്യമാണ്.

നിലവിൽ ലീഗിലെ മതേതര വിശ്വാസികൾ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വഖഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെടുക്കുന്ന നിലപാടുകളോട് കോൺഗ്രസിൽ തന്നെ കടുത്ത വിയോജിപ്പുണ്ടെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി.

അടുത്ത മാസം 13-ന് കോഴിക്കോട് വെച്ച് സി.പി.എമ്മിന്റെ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. ഈ സമ്മേളനം കഴിയുന്നതോടെ സംഘടനാതലത്തിൽ പാർട്ടി സ്വർണക്കട്ടി പോലെ തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

**English Summary:**

Senior CPM leader A K Balan said that CPM will not accept anti-women remarks even if God himself says it, responding to Kanthapuram A P Aboobacker Musliyar's remarks. He said every organization has its own policies but not accepting such anti-women stances is CPM's declared policy. He dismissed claims of rift between CPM and CPI over the deputy opposition leader post, saying both parties have right to state their policies and issues will be resolved through discussion like Rajya Sabha seat sharing and PM SHRI scheme. He added that CPM and CPI are the brain and heart of LDF and their bond cannot be broken. He also said UDF is trying to shelter under the red flag and that secular believers within Muslim League are turning against leadership. He noted that a special CPM conference will be held in Kozhikode on 13th next month, after which the party will shine like gold organizationally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380427/ak-balan-cpm-anti-women-remarks-god-kanthapuram-response-palakkad)