---
title: "'കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്'; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ"
english_title: "DYFI Criticizes Samastha Kanthapuram Circular on Women in Public Spaces"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380390/dyfi-criticizes-samastha-kanthapuram-circular-on-women"
published_at: "2026-08-30T07:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9392cad84a3_dyfi-criticizes-samastha-kanthapuram-circular-on-women.jpg"
keywords: ["DYFI", "Samastha Kanthapuram", "Women", "SFI"]
---

# 'കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്'; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

> **Lead Summary:** കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

## Article Content

കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു കാന്തപുരത്തിനുള്ള മറുപടി. വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകള്‍ നല്‍കുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുന്നതാണ് സര്‍ക്കുലര്‍ എന്നാണ് സംഘടനയുടെ നിലപാട്. വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് മുന്നോട്ടുപോയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാനിധ്യവും ഇന്ന് വളരെയേറെ ഉന്നതമാണ്. അതില്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിലെ തൊഴിലുകളിലും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ഓര്‍മപ്പെടുത്തുന്നുണ്ട്.

ഉന്നതമായ പദവികള്‍ വഹിക്കുന്നവരും പൊതുസമൂഹവുമായി നിരന്തരം ഇടപെടുന്നവരുമാണ് സ്ത്രീകളെന്നുമാണ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പ്രസ്താവന.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. എന്നാല്‍ പൊതു സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നിരുന്നു.

ഇന്നലെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐയും രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും അണെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്. എന്നാല്‍ കാന്തപുരത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സമസ്ത ഇകെ വിഭാഗം സ്വീകരിച്ചത്.

**English Summary:**

Kochi: DYFI has criticized a circular issued by the Samastha Kanthapuram faction advising against bringing women to public spaces and stages. DYFI described the statement as anti-women and out of step with the times. The organization said women have made significant progress in education, employment and social participation, including Muslim women. The criticism follows a controversial statement by Kanthapuram Abu Bakr Musliyar that women should not be brought onto stages or public spaces among men and that celebrations should not go beyond limits. SFI had also criticized the circular, while the Samastha EK faction supported Kanthapuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380390/dyfi-criticizes-samastha-kanthapuram-circular-on-women)