---
title: "'തുടർച്ചയായി എൽഡിഎഫ് അധികാരത്തിൽ വന്നാൽ ആപത്താകുമെന്ന് പ്രചരിപ്പിച്ചു; ചിലർ അത് വിശ്വസിച്ചു' - പിണറായി വിജയൻ"
english_title: "Pinarayi Vijayan Says Right Wing Media Spread False Stories Against LDF Payyanur Meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380364/pinarayi-vijayan-ldf-payyanur-cpm-meeting-udf-criticism"
published_at: "2026-08-29T19:11:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92e217338f4_pinarayi-vijayan-ldf-payyanur-cpm-meeting-udf-criticism.jpg"
keywords: ["Pinarayi Vijayan", "LDF", "Kerala Politics", "CPM Explanatory Meeting Payyannur"]
---

# 'തുടർച്ചയായി എൽഡിഎഫ് അധികാരത്തിൽ വന്നാൽ ആപത്താകുമെന്ന് പ്രചരിപ്പിച്ചു; ചിലർ അത് വിശ്വസിച്ചു' - പിണറായി വിജയൻ

> **Lead Summary:** കണ്ണൂര്‍: തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകും എന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ചിലര്‍ അത് വിശ്വസിച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

## Article Content

കണ്ണൂര്‍: തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകും എന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ചിലര്‍ അത് വിശ്വസിച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ചില വലതുപക്ഷ മാധ്യങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു. സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിര്‍ പ്രചാര വേല വന്നാലും എല്‍ഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂര്‍.

മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ച് വന്നത് സിപിഐഎം സ്ഥാനാര്‍ത്ഥികളാണെന്നും മത്സരിച്ചവര്‍ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന സിപിഐഎം വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

62 ശതമാനം വോട്ട് നേടിയാണ് 2021-ൽ മധുസൂദനൻ ജയിച്ചത്. ഏത് കുത്തൊഴുക്കിനെയും നേരിടാൻ പയ്യന്നൂർ മണ്ഡലത്തിന് കഴിയുമായിരുന്നു. എന്താണ് പയ്യന്നൂരിൽ പരാജയപ്പെടാൻ കാരണം എന്ന് ചോദ്യം വരും. കേരളത്തിലെ കാരണങ്ങൾ മാത്രം എടുത്താൽ പോര.

പയ്യന്നൂരിലെ ബഹുജനങ്ങളും വോട്ടർമാരും വലിയ തോതിൽ സിപിഐഎമ്മിനെ സ്നേഹിക്കുന്നവരാണ്. പാർട്ടിയുടെ ഭാഗമായി നിന്ന് പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്യുന്ന നിലയുണ്ടായി. അതിൻ്റെ ഭാഗമായി ആളുകൾ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഐഎം നടപടിയെടുക്കും. അതാണ് സിപിഐഎം. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരെന്ന് നോക്കില്ല. അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. സര്‍ക്കാര്‍ വര്‍ഗീയതയ്ക്ക് മുന്നില്‍ മുട്ടുകുത്തിയെന്ന് അദ്ദേഹം പറഞ്ഞു. തൂഫാന്‍ നടപ്പിലാക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരി കടത്തുകയാണെന്നും പിണറായി ആരോപിച്ചു.

മലപ്പുറത്ത് വെച്ച് ഒരാളെ പൊലീസ് പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്ന് അയാള്‍ പറയുന്നു. കാസര്‍കോട് വെച്ച് ഇയാളെ പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ലഭിച്ചു. ഇയാളെ പിടികൂടിയതോടെ കേസിന്റെ മട്ട് മാറി.

ഇയാളുടെ ഫോണ്‍ പരിശോധിക്കരുത് എന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് വന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട എന്നും മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. ഇതാണ് ഇന്ന് കേരളത്തില്‍ നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

**English Summary:**

Opposition Leader Pinarayi Vijayan alleged that some people campaigned that it would be dangerous if the LDF government came to power continuously and some believed it. Speaking at a CPM explanatory meeting in Payyanur, Kannur, he said right-wing media spread false stories in an organized move with the opposition. He said Payyanur is a constituency where LDF can withstand any adverse campaign and has historically elected CPM candidates, with Madhusudhanan winning 62% votes in 2021. He also alleged attempts from within the party to damage its credibility and said CPM will take action against anyone who goes against the party. He also criticized the UDF government alleging it surrendered before communalism and that even the Chief Minister's people are involved in drug trafficking.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380364/pinarayi-vijayan-ldf-payyanur-cpm-meeting-udf-criticism)