---
title: "ഓണം അവധി ദുരന്തമായി...! വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി "
english_title: "Onam Holiday Turns Tragic Youth Killed In Bison Attack Body Moved To Medical College Vilangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380360/vilangad-bison-attack-onam-holiday-tragedy-sunil-body-medical-college"
published_at: "2026-08-29T18:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92d8e015ba0_vilangad-bison-attack-onam-holiday-tragedy-sunil-body-medical-college.jpg"
keywords: ["Wild Animal Attack", "Wild Buffalo Attack", "Vilangad Sunil Death", "Kozhikode News"]
---

# ഓണം അവധി ദുരന്തമായി...! വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

> **Lead Summary:** കോഴിക്കോട്: വിലങ്ങാട് ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാദാപുരം എം എൽ എ കെ എം അഭിജിത്തും നടപടികൾക്കായി ഒപ്പമുണ്ട്.

## Article Content

കോഴിക്കോട്: വിലങ്ങാട് ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാദാപുരം എം എൽ എ കെ എം അഭിജിത്തും നടപടികൾക്കായി ഒപ്പമുണ്ട്.

വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വി.സി.സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ എത്തിയപ്പോഴായിരുന്നു ദാരുണ അപകടം.

ശനിയാഴ്ച രാവിലെയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെ കൃഷിയിടത്തിൽ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് 11 മണിയോടെ അപ്രതീക്ഷിതമായി സുനിലിനു നേരെ ആക്രമണം ഉണ്ടായത്.

വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. വയറ്റിൽ കാട്ടുപോത്തിന്റെ കുത്തേറ്റ നിലയിൽ സുനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്.

വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.

സ്ഥിരമായി സ്ഥലത്ത് എത്താറുള്ള ഒറ്റയാൻ കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനയും കാട്ടുപോത്തും മറ്റും ഈ മേഖലയിൽ എത്തുന്നത്.

**English Summary:**

The body of the youth killed in a wild bison attack in Vilangad has been moved to Kozhikode Medical College for postmortem. Nadapuram MLA K.M Abhijith is with the family to expedite procedures. The deceased is V.C. Sunil (40), a native of Vadakke Vayad, Vilangad, who worked at Chengannur Court and had come home for Onam holidays when the tragic incident happened. The bison attacked him around 11 am on Saturday near a farm at Vayad South while forest officials were trying to drive it back to the forest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380360/vilangad-bison-attack-onam-holiday-tragedy-sunil-body-medical-college)