---
title: "പഴശ്ശിരാജ ചുരമില്ലാപ്പാത; യാഥാർത്ഥ്യമാക്കാൻ 16 കടമ്പകൾ, ജനകീയ കൂട്ടായ്മ ഭാരവാഹികൾ എം.എൽ.എമാർക്ക് തുറന്ന കത്ത് നൽകി"
english_title: " Pazhassiraja Churamillapatha 16 Steps Technical Procedures MLAs Open Letter Janakiya Koottayma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380326/pazhassiraja-churamillapatha-16-steps-mlas-open-letter-janakiya-koottayma"
published_at: "2026-08-29T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929231f200e_pazhassiraja-churamillapatha-16-steps-mlas-open-letter-janakiya-koottayma.jpg"
keywords: ["Pazhassiraja Churamillapatha", "Mananthavady News", "KM Abhijith", "Wayanad News"]
---

# പഴശ്ശിരാജ ചുരമില്ലാപ്പാത; യാഥാർത്ഥ്യമാക്കാൻ 16 കടമ്പകൾ, ജനകീയ കൂട്ടായ്മ ഭാരവാഹികൾ എം.എൽ.എമാർക്ക് തുറന്ന കത്ത് നൽകി

> **Lead Summary:** മാനന്തവാടി: നിർദിഷ്ട പഴശ്ശിരാജ ചുരമില്ലാപ്പാത കുഞ്ഞിത്തോം - വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് പാലിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങൾ വിശദീകരിച്ച് ജനകീയ കൂട്ടായ്മ ഭാരവാഹികൾ എം.എൽ.എമാർക്ക് തുറന്ന കത്ത് നൽകി.നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തും മാനന്തവാടി എം.എൽ.എ ഉഷ വിജയനുമാണ് കത്ത് നൽകിയത്.

## Article Content

മാനന്തവാടി: നിർദിഷ്ട പഴശ്ശിരാജ ചുരമില്ലാപ്പാത കുഞ്ഞിത്തോം - വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് പാലിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങൾ വിശദീകരിച്ച് ജനകീയ കൂട്ടായ്മ ഭാരവാഹികൾ എം.എൽ.എമാർക്ക് തുറന്ന കത്ത് നൽകി.നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തും മാനന്തവാടി എം.എൽ.എ ഉഷ വിജയനുമാണ് കത്ത് നൽകിയത്.

പഴശ്ശിരാജ ചുരമില്ലാപ്പാത ആൻഡ് റൂറൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് ജനപ്രതിനിധികൾക്ക് മുന്നിൽ സമർപ്പിച്ച 16 ഘട്ടങ്ങളുള്ള വിശദമായ റോഡ് മാപ്പ് വിവിധ വിദഗ്ധരുമായി ചർച്ച ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് അല്ലെങ്കിൽ വയനാട് ജില്ലാ പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതലയിൽ 6.25 കിലോമീറ്റർ ആകാശപ്പാത / വയഡക്ട് നിർമ്മാണം, സുരക്ഷാ ബാരിക്കേഡുകൾ, വന്യജീവികൾക്കായി കുളങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാഥമിക പദ്ധതി ആശയം തയ്യാറാക്കും.

തുടർന്ന് ഡ്രോൺ, ലൈഡർ, ടോപ്പോഗ്രാഫിക്കൽ സർവേകൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക ഭരണാനുമതി നേടണം.

കെ.എച്ച്.ആർ.ഐ, ഫോറസ്റ്റ് പോലുള്ള ഏജൻസികൾ വഴി സർവേ നടത്തിക്കുന്നതാണ് നടപടികൾ വേഗത്തിലാക്കാൻ അനുയോജ്യമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വനമേഖലയിലെ സർവേക്കായി വനംവകുപ്പിന്റെ പ്രാഥമിക അനുമതിക്ക് പുറമെ, ഭാവിയിൽ പുഴത്തോട്-പടിഞ്ഞാറത്തറ പാതയുടെ അവസ്ഥ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര വനംവകുപ്പിന്റെ 'പരിവേഷ്' പോർട്ടൽ വഴി പ്രവേശനാനുമതി ഉറപ്പാക്കി വേണം വിശദമായ ഡ്രോൺ-ലൈഡർ പഠനങ്ങളും അലൈൻമെന്റ് നിർണയവും നടത്താൻ.

അന്തിമ അലൈൻമെന്റ്, വയഡക്ട് രൂപകൽപ്പന, വന്യഭൂമിക്കും മരങ്ങൾക്കുമുള്ള നഷ്ടപരിഹാരം, ആകെ ചെലവ് എന്നിവ ഉൾപ്പെടുത്തി ഡി.പി.ആർ തയ്യാറാക്കിയ ശേഷം പരിവേഷ് പോർട്ടൽ വഴി പരിസ്ഥിതി-സാമൂഹിക പഠനങ്ങളും വന്യജീവി ആഘാത പഠനങ്ങളും നടത്തണം.

ഇതിന് ശേഷം കേന്ദ്ര വനംവകുപ്പിൽ നിന്ന് സ്റ്റേജ്-1 പ്രാഥമിക വനാനുമതി നേടുകയും, നിബന്ധനകളായ പകരം വനവൽക്കരണം, നെറ്റ് പ്രസന്റ് വാല്യു തുക അടയ്ക്കൽ, വന്യജീവി സംരക്ഷണ ഉപാധികൾ എന്നിവ പൂർത്തിയാക്കി സ്റ്റേജ്-2 അന്തിമ വനാനുമതി കരസ്ഥമാക്കണം.

അന്തിമ വനാനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ ചെലവിനും രൂപകൽപ്പനയ്ക്കും സംസ്ഥാന സർക്കാരിന്റെ ഭരണ-സാങ്കേതിക അനുമതികൾ നേടി ടെൻഡർ നടപടികളിലൂടെ കോൺട്രാക്ടറെ തിരഞ്ഞെടുത്ത് വയഡക്ട്, റോഡ്, ഡ്രെയിനേജ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണം ആരംഭിക്കാൻ സാധിക്കും.

നിർമ്മാണം പൂർത്തിയാക്കി മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നും കത്തിൽ പറയുന്നു.

രണ്ട് എം.എൽ.എമാരും ഈ പദ്ധതിയോട് കാണിക്കുന്ന താൽപര്യം ജനകീയ കൂട്ടായ്മയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതായി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് പറഞ്ഞു.

**English Summary:**

Mananthavady and Nadapuram MLAs Usha Vijayan and KM Abhijith gave an open letter to Janakiya Koottayma office bearers explaining technical procedures to realize proposed Pazhassiraja Churamillapatha Kunjithom-Vilangad road. The 16-stage road map includes 6.25 km viaduct concept, drone-LiDAR-topographical surveys, Parivesh portal entry permission to avoid Puzhathodu-Padinjarathara fate, DPR, environmental and wildlife impact studies, Stage-1 and Stage-2 forest clearances, administrative and technical sanctions, tendering and construction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380326/pazhassiraja-churamillapatha-16-steps-mlas-open-letter-janakiya-koottayma)