---
title: " മുഖ്യമന്ത്രിയുമായി പരസ്യ വാക്കുതർക്കം: അറസ്റ്റിലായ ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം"
english_title: "Chenthi Anil To Be Suspended From Congress After Arrest Over Altercation With Chief Minister VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380300/chenthi-anil-to-be-suspended-from-congress-after-arrest-altercation-cm"
published_at: "2026-08-29T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a926a8de3d55_chenthi-anil-to-be-suspended-from-congress-after-arrest-altercation-cm.jpg"
keywords: ["Chenthi CM Blocking Case", "VD Satheesan", "Chenthi Anil", "Thiruvananthapuram News"]
---

#  മുഖ്യമന്ത്രിയുമായി പരസ്യ വാക്കുതർക്കം: അറസ്റ്റിലായ ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡന്റ് എൻ ശക്തൻ നടപടിയെടുക്കും. ഇന്നു തന്നെ നടപടിയുണ്ടാകും.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡന്റ് എൻ ശക്തൻ നടപടിയെടുക്കും. ഇന്നു തന്നെ നടപടിയുണ്ടാകും.

നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. ഇന്നു തന്നെ നടപടിയുണ്ടായേക്കും.

ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു.

മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. 'എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?' എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.

അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി.

എന്നാൽ, ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്.

സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും ചേന്തി അനിൽ പറഞ്ഞു.

**English Summary:**

Congress decided to suspend Chenthi Anil after arrest following verbal altercation with Chief Minister VD Satheesan. DCC President N Sakthan will take action today as per KPCC leadership direction after consulting organizational general secretary. Sreekaryam police recorded arrest of DCC member Chenthi Anil this morning. He was taken for medical examination at General Hospital and will be produced in court around 11 am. Sections include obstructing Chief Minister's official duty, wrongful restraint, misbehaviour and obstructing traffic. It is alleged convoy was blocked in protest of Chief Minister not attending Chathaya Day program at Chembazhanthi Sreenarayana Gurukulam. Altercation reportedly happened when Chief Minister got out of car and asked to speak decently. Chenthi Anil claims Chief Minister had agreed months ago to attend and police had inspected venue yesterday but he went to a wedding at Ulloor instead of attending.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380300/chenthi-anil-to-be-suspended-from-congress-after-arrest-altercation-cm)