---
title: "ദുരന്തഭൂമിയായി നേപ്പാൾ; മരണം 469 കവിഞ്ഞു, 1,500-ഓളം പേരെ കാണാതായി, ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു"
english_title: " Nepal Flash Flood Death Toll Crosses 469 1500 Missing China Issues Level IV Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380176/nepal-flash-flood-death-toll-469-1500-missing-china-level-iv-alert-indians"
published_at: "2026-08-28T10:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91152752679_nepal-flash-flood-death-toll-469-1500-missing-china-level-iv-alert-indians.jpg"
keywords: ["Nepal Flash Flood", "Nepal Flood Death", "Tibet Border", "China Alert", "Indians Missing"]
---

# ദുരന്തഭൂമിയായി നേപ്പാൾ; മരണം 469 കവിഞ്ഞു, 1,500-ഓളം പേരെ കാണാതായി, ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

> **Lead Summary:** ** **നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 കവിഞ്ഞു. 1,500-ഓളം പേരെ കാണാതായിട്ടുമുണ്ട്. ഇതിനിടെ, ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട തടാകത്തിന്റെ മൺതിട്ട തകർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

## Article Content

** **നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 കവിഞ്ഞു. 1,500-ഓളം പേരെ കാണാതായിട്ടുമുണ്ട്. ഇതിനിടെ, ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട തടാകത്തിന്റെ മൺതിട്ട തകർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടർന്ന് ചൈനീസ് ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് വലിയ അപകടഭീഷണി ഉയർത്തുന്നത്. ടിബറ്റിൽ ഉത്ഭവിക്കുന്ന ഈ നദികൾ ഭോട്ടേ കോശി നദീവ്യൂഹത്തിന്റെ ഭാഗമായി നേപ്പാളിലേക്കാണ് ഒഴുകുന്നത്.

വ്യാഴാഴ്ച രാവിലെ വരെ തടാകത്തിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം അടിഞ്ഞുകൂടിയിരുന്നു. തുടർന്നുള്ള മഴ കാരണം ജലനിരപ്പ് 30 ലക്ഷം ഘനമീറ്റർ വരെ ഉയർന്ന് തടാകം പൊട്ടിയൊഴുകാൻ സാധ്യതയുണ്ടെന്ന് ബെയ്ജിംഗ് അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്തു.

മഞ്ഞുമല തകർന്ന് ഹിമാലയ-ചൈന അതിർത്തി മേഖലയിൽനിന്ന് മണ്ണും വെള്ളവും നേപ്പാളിലെ ജനവാസ മേഖലകളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ കാണാതായവരിൽ 288 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിൽ 33 മലയാളികളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അതേസമയം, തമിഴ്‌നാട്ടിൽ നിന്നുള്ള 63 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദുരന്തം നേരിടുന്ന നേപ്പാളിന് ഇന്ത്യ അടിയന്തര സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും നേപ്പാളിലെത്തിച്ചു.

കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായ സാഹചര്യത്തിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

English Summary:

Nepal flash flood death toll crossed 469 with 1500 missing. China declared Level-IV alert at Tibet-Nepal border warning of possible dam burst from lake formed at confluence of Chhochhen Khola and Purepu Sangpo after landslide, now holding 2 million cubic metres water expected to rise to 3 million. Glacier collapse caused mud-water surge. MEA said 288 Indians missing including 33 Malayalis unreachable, 63 from Tamil Nadu rescued. India sent 10 tonnes relief materials and medicines by military aircraft. Indian embassies in Kathmandu and Beijing coordinating rescue including Kailash Mansarovar pilgrims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380176/nepal-flash-flood-death-toll-469-1500-missing-china-level-iv-alert-indians)