---
title: "മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ; മരണം 55 ആയി, 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല"
english_title: "Flash Floods Hit Nepal 55 Dead 384 Tourists Including 105 Indians Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380071/nepal-flash-flood-55-dead-384-missing-including-105-indians-rasuwa"
published_at: "2026-08-26T19:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ef72f06fda_nepal-flash-flood-55-dead-384-missing-including-105-indians-rasuwa.jpg"
keywords: ["Nepal Flash Flood", "Nepal Disaster", "Bihar Flood Alert", "Bhote Koshi River"]
---

# മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ; മരണം 55 ആയി, 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല

> **Lead Summary:** കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. റസുവ ജില്ലയിലുണ്ടായ പ്രളയത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം 55 ആയി. 105 ഇന്ത്യക്കാരടക്കം 384 വിനോദ സഞ്ചാരികളെ കാണാതായതായി അധികൃതർ അറിയിച്ചു.

## Article Content

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. റസുവ ജില്ലയിലുണ്ടായ പ്രളയത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം 55 ആയി. 105 ഇന്ത്യക്കാരടക്കം 384 വിനോദ സഞ്ചാരികളെ കാണാതായതായി അധികൃതർ അറിയിച്ചു.

റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം.

പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനദൗത്യം തുടരുകയാണെന്ന് നേപ്പാള്‍ ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാള്‍ ആര്‍മി, പൊലീസ് സേന തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടെന്നും അധികം വൈകാതെ ദൗത്യം പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രളയത്തിന് പിന്നാലെ ബിഹാർ, യുപി എന്നിവിടങ്ങളിലും സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പെട്രോളിങ് നടത്തും.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ബിഹാറിലെ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൌധരിയുമായി സംസാരിച്ചു.

പ്രളയത്തിൽ വൻനാശനഷ്ടമാണ് ഇതുവരെയ്ക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13 ജലവൈദ്യുതി പദ്ധതികൾ തകരുകയും 19 പാലങ്ങളും 40 കിലോമീറ്റർ റോഡും ഒലിച്ചുപോയി. 200ലധികം ട്രക്കുകളും ഒഴുക്കിൽ പെട്ടതായാണ് വിവരം. പ്രദേശത്തെ മൂന്ന് മാസത്തേക്ക് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ നേപ്പാളിന് അടിയന്തര സഹായം ഉറപ്പാക്കുമെന്ന് ഇന്ത്യ അറിയിച്ചു. ദുരന്തനിവാരണ സാമഗ്രികളും എൻഡിആർഎഫ് സംഘത്തെയും ഇന്ത്യ അയക്കും.

ദുരന്തത്തിലകപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

**ഹെൽപ്പ് ലൈൻ നമ്പർ: +977 9851316807, +977 9709107500**

**English Summary:**

Nepal's Rasuwa district near China border hit by flash flood via Bhotekoshi river around 9 am. Death toll rises to 55, 384 tourists including 105 Indians and 41 Nepal security personnel missing, authorities said. Buildings, shops, vehicles washed away. Nepal Army rescue operations ongoing. Bihar and UP on alert, SDRF and NDRF on standby. Amit Shah spoke to Bihar CM Samrat Choudhary. 13 hydel projects, 19 bridges, 40 km road and 200 trucks damaged. Area declared disaster-hit for three months. India offers emergency aid.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380071/nepal-flash-flood-55-dead-384-missing-including-105-indians-rasuwa)