---
title: " വടകര മാടാക്കര ജുമാ മസ്ജിദിലെ പൊലീസ് അതിക്രമം: 'യുഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ പ്രതിഫലനം', ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ(എം)"
english_title: "Vadakara Matakkara Juma Masjid Police Atrocity CPI M Alleges UDF Government Police Policy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380053/adakara-matakkara-juma-masjid-police-attack-cpim-against-udf-government"
published_at: "2026-08-26T16:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ec7fedce73_adakara-matakkara-juma-masjid-police-attack-cpim-against-udf-government.jpg"
keywords: ["Madakkara Mosque Clash", "Mosque Committee Dispute", "Police Attack", "CPI M"]
---

#  വടകര മാടാക്കര ജുമാ മസ്ജിദിലെ പൊലീസ് അതിക്രമം: 'യുഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ പ്രതിഫലനം', ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ(എം)

> **Lead Summary:** കോഴിക്കോട് : വടകര മാടാക്കര ജുമാ മസ്ജിദിൽ നിസ്ക്കാര പായയിൽ സായുധ പൊലീസ് ബൂട്ടിട്ട് കയറുകയും നിരപരാധികളായ നിരവധി വിശ്വാസികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ വികലവും ഭീകരവുമായ പൊലീസ് നയത്തിന്റെ പ്രതിഫലനമാണെന്ന് സി.പി.ഐ(എം).

## Article Content

കോഴിക്കോട് : വടകര മാടാക്കര ജുമാ മസ്ജിദിൽ നിസ്ക്കാര പായയിൽ സായുധ പൊലീസ് ബൂട്ടിട്ട് കയറുകയും നിരപരാധികളായ നിരവധി വിശ്വാസികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ വികലവും ഭീകരവുമായ പൊലീസ് നയത്തിന്റെ പ്രതിഫലനമാണെന്ന് സി.പി.ഐ(എം).

പള്ളിയിൽ വിശ്വാസികൾക്ക് നേരെ അതിക്രമം നടത്തിയ മുഴുവൻ പൊലീസുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പള്ളിയിൽ ബൂട്ടിട്ട് കയറി അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നബിദിനത്തോടനുബന്ധിച്ച് പത്ത് ദിവസമായി തുടർന്നുപോന്നിരുന്ന മൗലീദ് പാരായണം നിർത്തിവെയ്ക്കണമെന്നും, ഖത്തീബിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി പോലീസിനെ സമീപിച്ച പ്രാദേശിക ലീഗ് നേതൃത്വമാണ് യഥാർത്ഥത്തിൽ പോലീസിനെ വിളിച്ചുവരുത്തി ഈ അതിക്രമത്തിന് വഴിയൊരുക്കിയത് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

കുറ്റ്യാടി എം.എൽ.എയുടെ പൂർണ്ണമായ അറിവോടെയും നിർദ്ദേശപ്രകാരവുമാണ് ചോമ്പാല പോലീസ് പള്ളിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടത്. എന്നാൽ സംഭവത്തിൽ വ്യാപകമായ ജനരോഷം ഉയർന്നതോടെ, പോലീസിന്റെ തലയിൽ കുറ്റം കെട്ടിവെച്ച് തടിയൂരാനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വവും ലീഗ് നേതാക്കളും ഇപ്പോൾ മലക്കംമറിഞ്ഞ് ശ്രമിക്കുന്നത്.

ലീഗ് നേതൃത്വത്തിന് സ്വാധീനമുണ്ടായിരുന്ന മുൻ പള്ളിക്കമ്മിറ്റിയെ വിശ്വാസികൾ മാറ്റി പുതിയ കമ്മിറ്റിയെ അധികാരത്തിലേറ്റിയതാണ് തർക്കങ്ങൾക്ക് വഴിതെളിച്ചത്. മുൻ കമ്മിറ്റിയുടെ കാലയളവിലെ രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് വിശ്വാസികൾ ചേരിതിരിഞ്ഞ് സംഘർഷത്തിലാകാൻ കാരണമായത്.

വിശ്വാസികൾക്കിടയിലുണ്ടായ ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ട പോലീസ് സായുധമായി ഇരച്ചുകയറി മർദ്ദനമുറകൾ അഴിച്ചുവിട്ട് പ്രശ്നം കൂടുതൽ വഷളാക്കുകയാണുണ്ടായത്. ഈ ക്രൂരതയുടെ പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്ന് യു.ഡി.എഫ് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതൃത്വം അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ(എം) ആവശ്യപ്പെട്ടു.

ഒപ്പം, നിരപരാധികളായ വിശ്വാസികൾക്ക് യാതൊരുവിധ ആശങ്കയുമില്ലാതെ സമാധാനപരമായി പള്ളിയിൽ പ്രാർത്ഥന നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.പി.ഐ(എം) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

**English Summary:**

Kozhikode: CPI(M) said armed police entering Vadakara Matakkara Juma Masjid with boots on prayer mats and brutally beating innocent devotees reflects flawed and terrifying police policy of UDF government in state. Party demanded all police personnel who attacked devotees be brought before law and strict punishment ensured. CPI(M) alleged local League leadership who complained to police demanding stop of 10-day Maulid recitation for Nabidinam and removal of Khatib actually called police and paved way for atrocity, with full knowledge and instruction of Kuttiady MLA Chombala police created terror. Changing of previous mosque committee influenced by League and financial irregularities over two crores led to dispute. Police worsened issue instead of resolving.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380053/adakara-matakkara-juma-masjid-police-attack-cpim-against-udf-government)