---
title: "പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും"
english_title: "UDF Protest Over Palakkad Railway Division Split, Malabar MPs to Fast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380006/udf-protest-palakkad-railway-division-split-malabar-mps-fast"
published_at: "2026-08-26T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e47cd6a893_udf-protest-palakkad-railway-division-split-malabar-mps-fast.jpg"
keywords: ["Palakkad Railway Division", "UDF", "Malabar MPs", "Railway Board", "Mysuru Division"]
---

# പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും

> **Lead Summary:** പാലക്കാട്‌: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ വൻ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും. കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷൻ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

## Article Content

പാലക്കാട്‌: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ വൻ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും. കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷൻ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

അതേസമയം, പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് വൻ നേട്ടമാണ്. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക.

എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്.

മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ ഡിവിഷന്റെ നിലനിൽപ് പ്രതിസന്ധിയിലാകും.

പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ അടക്കമുള്ളവയാണ് മൈസൂരു ഡിവിഷൻ്റെ ഭാഗമാകുന്നത്. ഇതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും.

കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും. എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറിൽ ഉള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കണം.

പാലക്കാട് റെയിൽവേ ഡിവിഷനിൽ കീഴിൽ ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. മംഗളൂരു തുറമുഖത്ത് നിന്ന് കൽക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്‌റ്റേഷനാണിത്.

മംഗളൂരു സെൻട്രൽ സ്റ്റേഷനും മാറ്റപ്പെടുന്നതോടെ വലിയ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. ഇത് റെയിൽവേ വികസനത്തെ ദോഷകരമായി ബാധിക്കും.

**English Summary:**

The UDF has intensified its protest against the proposed division of the Palakkad Railway Division, with Malabar MPs set to observe a hunger strike today. The UDF alleges that the move was driven by the BJP ahead of elections in Karnataka. Chief Minister V.D. Satheesan has written to the Prime Minister seeking reconsideration of the Railway Board’s decision to transfer areas including Mangaluru station to the Mysuru Division. The move is expected to increase Mysuru Division’s annual revenue by ₹500-600 crore while reducing Palakkad Division’s revenue by around ₹1,100 crore, according to the information provided.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380006/udf-protest-palakkad-railway-division-split-malabar-mps-fast)