---
title: "'സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം; ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം'- ശിവൻകുട്ടിയ്ക്ക് മറുപടിയുമായി  എഐവൈഎഫ്"
english_title: "CPI Politics Is Stand Not Position TT Jismon Reply To V Sivankutty On Power Interest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379980/tt-jismon-reply-v-sivankutty-cpi-politics-stand-history"
published_at: "2026-08-25T16:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d7d820c71a_tt-jismon-reply-v-sivankutty-cpi-politics-stand-history.jpg"
keywords: ["TT Jismon", "V Sivankutty", "CPI", "AIYF", "Kerala Politics"]
---

# 'സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം; ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം'- ശിവൻകുട്ടിയ്ക്ക് മറുപടിയുമായി  എഐവൈഎഫ്

> **Lead Summary:** തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്.

## Article Content

തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്.

വി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ് എന്നും ടി. ടി. ജിസ്‌മോൻ ഓർമ്മപ്പെടുത്തി. സ്ഥാനമാനങ്ങളോടുള്ള സിപിഐയുടെ ‘അമിതമായ താൽപര്യം’ ചൂണ്ടിക്കാട്ടുന്ന ശിവൻകുട്ടി സ്വന്തം രാഷ്ട്രീയ ചരിത്രത്തിലെ ചില അധ്യായങ്ങൾ കൂടി പൊടിതട്ടിയെടുക്കുന്നത് ഉപകാരപ്പെടുമെന്ന് അദ്ദേഹം കുറിച്ചു.

കേന്ദ്രത്തിൽ അധികാരത്തിൽ പങ്കാളിയായതും സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം ഭരണത്തിൽ ഇരുന്നതുമൊക്കെ ചൂണ്ടിക്കാട്ടി സിപിഐക്ക് ആദർശമില്ലെന്ന് പറയുമ്പോൾ, രാഷ്ട്രീയം ഓർമ്മയുടെ സൗകര്യത്തിനനുസരിച്ച് മാത്രം വായിച്ചാൽ മതിയാകില്ലല്ലോ എന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അധികാരത്തേക്കാൾ രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകിയ പാരമ്പര്യമാണ് സിപിഐയുടേത് ടി. ടി. ജിസ്‌മോൻ ഓർമ്മപ്പെടുത്തി.

എന്നാൽ, ഈ വിമർശനത്തിന് പിന്നാലെ സി.പി.ഐയെ രൂക്ഷമായി കടന്നാക്രമിച്ച് വി. ശിവൻകുട്ടി മറുപടി നൽകി. മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാത്ത പാർട്ടിയാണ് സി.പി.ഐ എന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് അവരാണെന്നും ശിവൻകുട്ടി ആരോപിച്ചു.

പിണറായി വിജയൻ സ്വീകരിച്ച നിലപാട് പൂർണ്ണമായും ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ച് പറയുന്ന രീതിയാണ് സി.പി.ഐയുടേതെന്നും, പ്രതിപക്ഷ ഉപനേതാവ് പദവി എപ്പോഴും സി.പി.ഐ. എം കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അത് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ പിണറായി വിജയനെതിരെ സി.പി.ഐ മുഖപത്രത്തിൽ വിമർശനമുണ്ടായതിന് പിന്നാലെ സി.പി.ഐയെ രൂക്ഷമായി വിമർശിച്ച് വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെയും ധാർമ്മികതയുടെയും ലംഘനമാണെന്ന് ലേഖനത്തിൽ വിമർശിച്ചു. താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണി രാഷ്ട്രീയത്തിന് നല്ലതല്ലെന്നും, പിണറായിയുടെ നിലപാട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ പറയുന്നു.

**പോസ്റ്റിന്റെ പൂർണരൂപം**

***സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം***

***ടി. ടി. ജിസ്‌മോൻ***

***എഐവൈഎഫ് സംസ്ഥാന സെക്രട്ടറി***

***ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്. അതുകൊണ്ടുതന്നെ, സ്ഥാനമാനങ്ങൾക്കപ്പുറം എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന നിലപാട് സിപിഐക്കില്ലെന്ന് പറയുമ്പോൾ, ബഹുമാനപ്പെട്ട സഖാവ് വി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.***

***സ്ഥാനമാനങ്ങളോടുള്ള സിപിഐയുടെ ‘അമിതമായ താൽപര്യം’ ചൂണ്ടിക്കാട്ടുന്ന ശിവൻകുട്ടി സ്വന്തം രാഷ്ട്രീയ ചരിത്രത്തിലെ ചില അധ്യായങ്ങൾ കൂടി പൊടിതട്ടിയെടുക്കുന്നത് ഉപകാരപ്പെടും. കേന്ദ്രത്തിൽ അധികാരത്തിൽ പങ്കാളിയായതും സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം ഭരണത്തിൽ ഇരുന്നതുമൊക്കെ ചൂണ്ടിക്കാട്ടി സിപിഐക്ക് ആദർശമില്ലെന്ന് പറയുമ്പോൾ, രാഷ്ട്രീയം ഓർമ്മയുടെ സൗകര്യത്തിനനുസരിച്ച് മാത്രം വായിച്ചാൽ മതിയാകില്ലല്ലോ.***

***കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അധികാരത്തേക്കാൾ രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകിയ പാരമ്പര്യമാണ് സിപിഐയുടേത്. അതിന്റെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് സഖാവ് സി. അച്യുതമേനോന്റെ കാലഘട്ടം. 1969 നവംബർ മുതൽ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.***

***കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും സിപിഐ നേതാവ് സഖാവ് സി. അച്യുതമേനോനായിരുന്നു. ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാകുന്ന പതിവിനെ മറികടന്ന അപൂർവമായ ചരിത്രത്തിനും അദ്ദേഹം സാക്ഷിയായി.***

***അന്നൊന്നും സിപിഐ, സിപിഎമ്മിന്റെ കൂടെയായിരുന്നില്ല.***

***പിന്നീട് സഖാവ് പി. കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, വിശാലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടേണ്ട സാഹചര്യം വന്നപ്പോൾ, അധികാരത്തിന്റെ കണക്കുപുസ്തകം തുറന്നുവെക്കാതെ മുഖ്യമന്ത്രി പദം കൈവശം വെക്കാനുള്ള അവസരത്തേക്കാൾ ഇടതുപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ഐക്യത്തിനാണ് സിപിഐ മുൻതൂക്കം നൽകിയത്. പി. കെ.വി 1979 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ഇടതുപക്ഷ ഐക്യത്തിനുള്ള രാഷ്ട്രീയ പുനഃസംഘടനയുടെ പശ്ചാത്തലത്തിലായിരുന്നു.***

***സ്വന്തം രാഷ്ട്രീയ ശക്തിക്ക് ലഭിക്കാവുന്ന അധികാരപങ്കുപോലും മാറ്റിവെച്ച് വിശാലമായ ഇടതുപക്ഷ ഐക്യത്തിന് വഴിയൊരുക്കിയ ആ സമീപനത്തെ വെറും രാഷ്ട്രീയ ‘വിട്ടുവീഴ്ച’യായി ചുരുക്കാനാകില്ല. അധികാരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്.***

***അധികാരം ലഭിക്കുമ്പോൾ അത് നിലനിർത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അധികാരത്തേക്കാൾ വലിയൊരു രാഷ്ട്രീയ ലക്ഷ്യം മുന്നിൽ വരുമ്പോൾ സ്വന്തം സ്ഥാനവും അവകാശവാദവും മാറ്റിവയ്ക്കാൻ തയ്യാറാകുന്നതിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്വം. ഇടതുപക്ഷ ഐക്യത്തിനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ വിശാലമായ മുന്നേറ്റത്തിനുമായി അധികാരത്തോട് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായ സിപിഐയുടെ ചരിത്രം അതുകൊണ്ടുതന്നെ രാഷ്ട്രീയ ത്യാഗത്തിന്റെ ചരിത്രം കൂടിയാണ്.***

***അതുകൊണ്ട് സിപിഐയെ ഭരണപങ്കാളിത്തത്തിന്റെ പേരിൽ വിമർശിക്കുമ്പോൾ, കണ്ണാടി വീട്ടിൽ തന്നെയുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും.***

***ഇന്ന് സിപിഎം ശക്തമായി വിമർശിക്കുന്ന എസ്‌യുസിഐയുമായി പശ്ചിമ ബംഗാളിൽ 1967-ലും 1969-ലും യുണൈറ്റഡ് ഫ്രണ്ട് രാഷ്ട്രീയത്തിൽ സിപിഎം പങ്കാളിയായിരുന്നില്ലേ? 1967-ലെ യുണൈറ്റഡ് ഫ്രണ്ടിൽ സിപിഎമ്മിനൊപ്പം എസ്‌യുസിഐയും പങ്കാളിയായിരുന്നു; 1969-ൽ രൂപീകരിച്ച യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിലും സിപിഎം, സിപിഐ, എസ്‌യുസിഐ തുടങ്ങിയ കക്ഷികൾ പങ്കാളികളായിരുന്നു.***

***അന്ന് അത് ആദർശത്തിന്റെ പരീക്ഷണമായിരുന്നോ, അതോ അധികാരത്തിന്റെ ‘സാഹചര്യപരമായ സൗകര്യം’ മാത്രമായിരുന്നോ?***

***ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സിപിഎം നേതാവ് സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായിരുന്നതും ശിവൻകുട്ടി മറക്കാതിരിക്കുന്നതാണ് നല്ലത്. അധികാരവുമായി ബന്ധപ്പെട്ട ഓരോ സംഭവവും മറ്റുള്ളവരുടെ കാര്യത്തിൽ മാത്രം ആദർശപ്രശ്നമാക്കി മാറ്റുന്നത് രാഷ്ട്രീയ ഓർമ്മക്കുറവിന്റെ പുതിയ മാതൃകയാകാം.***

***സിപിഐ അധികാരത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമില്ല. എന്നാൽ അധികാരക്കസേരയ്ക്കായി മാത്രം നിലപാടുകൾ മാറ്റിയ പാർട്ടിയാണ് സിപിഐ എന്ന വ്യാജചരിത്രം കെട്ടിച്ചമയ്ക്കാനുള്ള ശ്രമം വിലപ്പോവില്ല. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതുന്നത് ചരിത്രത്തെയും ജനങ്ങളുടെ രാഷ്ട്രീയ ഓർമ്മയെയും ഒരുപോലെ അപമാനിക്കുന്നതാണ്.***

***ഇഷ്ടപ്പെട്ട പേജുകൾ മാത്രം വായിച്ച് ചരിത്രത്തെ വിലയിരുത്തിയാൽ, ഒടുവിൽ ചരിത്രം തന്നെ തിരിച്ചുവന്ന് മറുപടി പറയുമെന്ന കാര്യം ***

***സഖാവ് വി. ശിവൻകുട്ടി ഓർക്കുക.***

**English Summary:**

AIYF State Secretary TT Jismon replied to former minister V Sivankutty's criticism of CPI's alleged excessive interest in positions. Jismon said CPI's politics is about stand, not securing posts, and recalled its tradition of sacrificing even CM post for Left unity. He said Sivankutty should look back at his own political history, including being in power at Centre and ruling with Congress in state, and politics cannot be read only as per convenience of memory.

***
***

English Summary:

*** ***

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379980/tt-jismon-reply-v-sivankutty-cpi-politics-stand-history)