---
title: "'ബേപ്പൂരിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്'; തെരഞ്ഞെടുപ്പ് വിവാദത്തിൽ പി വി അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്"
english_title: "Beypore Election Row Karat Razak Supports PV Anvar Criticizes DCC President Praveen Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379944/beypore-election-row-karat-razak-supports-pv-anvar-criticizes-praveen-kumar"
published_at: "2026-08-25T12:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d3d22c6624_beypore-election-row-karat-razak-supports-pv-anvar-criticizes-praveen-kumar.jpg"
keywords: ["PV Anvar", "Karat Razak", "K Praveen Kumar", "Beypore Election Defeat"]
---

# 'ബേപ്പൂരിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്'; തെരഞ്ഞെടുപ്പ് വിവാദത്തിൽ പി വി അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്

> **Lead Summary:** കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്.

## Article Content

കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്.

പി വി അൻവർ ഉയർത്തിയ കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതാണെന്നാണ് കാരാട്ട് റസാഖിൻ്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കാരാട്ട് റസാഖ് അൻവറിനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

അൻവറിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുറിനെതിരെ ഫേസ്ബുക്ക് കുറിപ്പിൽ കാരാട്ട് റസാഖ് വിമർശനം ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കാൻ സാധിക്കാത്തതെന്ന യു ഡി എഫിൻ്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി.

സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ദേ​ഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോ എന്നാണ് കെ പ്രവീൺ കുമാറിൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടി കാരാട്ട് റസാഖ് പ്രതികരിച്ചിരിക്കുന്നത്.

അധികാരത്തിൻ്റെ സുഖ സൗകര്യങ്ങൾ വലിച്ചെറിഞ്ഞ് കൊണ്ട് നിലവിൽ പ്രവർത്തിച്ച മുന്നെണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെ യുഡിഎഫ് മുന്നണിയുമായി സഹകരിക്കാൻ തയ്യാറായ പി വി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.

കൂടാതെ അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കും എന്നും ഫേസ്ബുക്കിൽ കാരാട്ട് റസാഖ് കുറിച്ചിട്ടുണ്ട്.

പേരാമ്പ്രയിൽ യുഡിഎഫ് എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണത്തിലായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ സ്ഥാനാർഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാർഥി ഉണ്ടായിരുന്നുവെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീൺ കുമാർ പറഞ്ഞിരുന്നു.

സ്ഥാനാർഥി നിർണയം പിഴച്ചില്ലായിരുന്നുവെങ്കിൽ 13-ൽ 13-ഉം നമ്മൾ ജയിച്ചേനെ എന്നുള്ള സത്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി വി അൻവർ 7,487 വോട്ടുകൾക്കാണ് മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതെന്നും ഡിസിസി പ്രസി‍ഡൻ്റ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രവീൺ കുമാറിനെതിരെ വിമർശനവുമായി പി വി അൻവറും രം​ഗത്ത് വന്നിരുന്നു. ചേർത്ത് നിർത്തിയവർ തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു ഫേസ്ബുക്ക് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പി വി അൻവറിൻ്റെ വിമർശനം.

കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ തോൽവിയെ കുറിച്ച് പറഞ്ഞ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പിണറായിസത്തിനെതിരെ താൻ തടത്തിയ ഒറ്റയാൾ പോരാട്ടമാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ജീവൻ പണയം വെച്ച് താൻ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ്.

മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നും അൻവർ കോൺഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്.

അൻവറിൻ്റെ വിമർശനത്തിന് പിന്നാലെ താൻ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നായിരുന്നു പ്രവീൺ കുമാറിൻ്റെ വിശദീകരണം. പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞതാണ്. ഏണിയോ , കൈപ്പത്തിയോ ചിഹ്നത്തിൽ മത്സരിച്ചാൽ ആരായാലും ജയിക്കുമായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും പ്രവീൺ കുമാർ വിശദീകരിച്ചിരുന്നു.

**English Summary:**

In the Beypore assembly election controversy between Kozhikode DCC President K Praveen Kumar and PV Anvar, Karat Razak came out in support of Anvar. Razak said via Facebook that Anvar's issues contributed to UDF's impressive win and criticized Praveen Kumar's statement that UDF lost Beypore due to independent symbol. He questioned why Thaliparamba, Payyannur, Ambalappuzha didn't have same fate. He said betraying Anvar who left comforts to fight is unacceptable. The row started after Praveen Kumar said at Perambra that candidate selection in Beypore was wrong and UDF lost by 7,487 votes to PA Mohammed Riyas, and Anvar responded that he was stabbed in the back.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379944/beypore-election-row-karat-razak-supports-pv-anvar-criticizes-praveen-kumar)