---
title: "കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; വീടുകള്‍ക്ക് ഭീഷണി, ജനങ്ങള്‍ ആശങ്കയില്‍"
english_title: "National Highway Retaining Wall Collapses At Elayavoor Kannur Residents Panic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379933/national-highway-retaining-wall-collapses-elayavoor-kannur"
published_at: "2026-08-25T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d27e143543_national-highway-retaining-wall-collapses-elayavoor-kannur.jpg"
keywords: ["NH Collapse", "Elayavoor", "Retaining Wall", "Landslide"]
---

# കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; വീടുകള്‍ക്ക് ഭീഷണി, ജനങ്ങള്‍ ആശങ്കയില്‍

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. വീടുകളോട് ചേര്‍ന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. നേരത്തെയും ഇവിടെ സമാനമായ രീതിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

## Article Content

**കണ്ണൂര്‍: ** കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. വീടുകളോട് ചേര്‍ന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. നേരത്തെയും ഇവിടെ സമാനമായ രീതിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഈ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് ജനങ്ങളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണ് ഇളകുന്നുണ്ട് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

കുന്നിന്‍ പ്രദേശം തുരന്ന് പാത നിര്‍മ്മിച്ചതിനാല്‍ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍തിട്ടകളുള്ളത്. ഇതിന് മുന്നിലായി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും, അത് ബലക്ഷയം സംഭവിച്ച് അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്തിന് മുകള്‍ വശത്തായി നിരവധി വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുന്നത്. കൂടാതെ, സമീപത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയിലും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

English Summary:

The retaining wall of the national highway collapsed at Elayavoor in Kannur this morning around 6 am. Soil caved in near houses. This is a repeat collapse at the spot. Debris removal is underway. Residents are panicked as soil is still loosening and cracks have appeared on concrete wall. MLA TO Mohanan visited the site.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379933/national-highway-retaining-wall-collapses-elayavoor-kannur)