---
title: "പഴയ വൈരാഗ്യം; മീൻ കച്ചവടക്കാരനെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ "
english_title: "Man Arrested For Attempting To Murder Youth With Hammer In Kochi Edappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379924/kochi-man-arrested-for-attempting-murder-with-hammer-edappally"
published_at: "2026-08-25T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d135505d66_kochi-man-arrested-for-attempting-murder-with-hammer-edappally.jpg"
keywords: ["Hammer Attack", "Edappally Arrest", "Attempt To Murder"]
---

# പഴയ വൈരാഗ്യം; മീൻ കച്ചവടക്കാരനെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ 

> **Lead Summary:** **കൊച്ചി: ** രാത്രികാല കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഇടപ്പള്ളി പോണേക്കര സ്വദേശിയായ കൃഷ്ണൻ ആണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

## Article Content

**കൊച്ചി: ** രാത്രികാല കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഇടപ്പള്ളി പോണേക്കര സ്വദേശിയായ കൃഷ്ണൻ ആണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

എറണാകുളം മണപ്പാട്ടിപ്പറമ്പിൽ മീൻ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ നിലവിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ്. യുവാവുമായി മുൻപ് നിലനിന്നിരുന്ന തർക്കങ്ങളും വൈരാഗ്യവുമാണ് ഈ ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.

സ്ഥിരമായി ശല്യം ചെയ്തിരുന്ന കൃഷ്ണനോട് യുവാവ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിൽ തോന്നിയ വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുന്ന യുവാവിനെ അപായപ്പെടുത്താൻ പ്രതി നേരത്തെയും പലതവണ ശ്രമങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി മുണ്ടിനടിയിൽ ചുറ്റിക ഒളിപ്പിച്ചാണ് കൃഷ്ണൻ യുവാവിനെ പിന്തുടർന്ന് എത്തിയത്. തുടർന്ന് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവെച്ച് യുവാവിന്റെ തലയുടെ പിൻഭാഗത്ത് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ യുവാവിന്റെ തലയിൽ പ്രതി വീണ്ടും പലതവണ ചുറ്റികകൊണ്ട് ആക്രമണം തുടർന്നു.

യുവാവ് ബോധരഹിതനായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൃഷ്ണൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. സമീപത്തെ വീട്ടിലെ കുട്ടികൾ ഈ ക്രൂരത കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, രാത്രികാലങ്ങളിൽ പതിവായി ഇതുവഴി സഞ്ചരിക്കുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു.

ഈ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഒളിവിൽ പോയി നാടുവിട്ട കൃഷ്ണനെ ഗുരുവായൂരിൽ നിന്ന് അവിടത്തെ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റികയും പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതിയാണ് കൃഷ്ണനെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

A 51-year-old man Krishnan from Ponekkara, Edappally was arrested for attempting to murder a young fish vendor returning after night trade at Manappattiparambu, Ernakulam. Police said the attack with a hammer hidden under mundu was due to previous enmity. The victim is unconscious and under treatment. Accused was tracked via CCTV and caught from Guruvayur with the weapon recovered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379924/kochi-man-arrested-for-attempting-murder-with-hammer-edappally)