---
title: "തിരുവോണത്തെ വരവേൽക്കാൻ ഉത്രാടപ്പാച്ചിൽ; ഓണത്തിരക്കിൽ നാടും നഗരവും, അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ"
english_title: "Uthradam Rush in Kerala as Malayalis Prepare for Thiruvonam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379910/uthradam-rush-kerala-preparations-thiruvonam"
published_at: "2026-08-25T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cf139b3f98_uthradam-rush-kerala-preparations-thiruvonam.jpg"
keywords: ["Uthradam", "Thiruvonam", "Onam", "Onam Shopping"]
---

# തിരുവോണത്തെ വരവേൽക്കാൻ ഉത്രാടപ്പാച്ചിൽ; ഓണത്തിരക്കിൽ നാടും നഗരവും, അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ

> **Lead Summary:** തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ്. തിരുവോണം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ.

## Article Content

തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ്. തിരുവോണം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ.

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായ ഓണത്തിന്റെ നിറവിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഉത്രാടദിനത്തിലെ തിരക്ക്.

തിരുവോണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി വീടുകൾ ഒരുക്കുന്ന തിരക്കിലാണ് കുടുംബങ്ങൾ. ഓണക്കോടി, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി ആവശ്യമായ സാധനങ്ങൾ വാങ്ങി അറ നിറയ്ക്കുകയാണ് മലയാളി.

‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന തരത്തിലാണ് ഉത്രാടദിനത്തിലെ വാങ്ങലുകളും ഒരുക്കങ്ങളും.

ഓണക്കോടി വീട്ടുകാർക്ക് മാത്രമായി ഒതുങ്ങുന്നില്ല. പ്രിയപ്പെട്ടവർക്കും സമ്മാനമായി നൽകാൻ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് ഉത്രാടത്തിന്റെ സന്തോഷത്തിന്റെ ഭാഗമാണ്.

അവനവന്റെ കഴിവിനനുസരിച്ച് സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഇതോടെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾ വരെ സജീവമായ ദിവസമാണിത്.

ഓൺലൈൻ വ്യാപാരം സജീവമാണെങ്കിലും കടകളിൽ നേരിട്ടെത്തി സാധനങ്ങൾ തിരഞ്ഞെടുത്ത് വാങ്ങുന്നതിന്റെ ആവേശം വേറിട്ടതാണ്. കടകളിലെ തിരക്കിനിടയിൽ കണ്ട്, തൊട്ടുനോക്കി ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുന്ന അനുഭവം ഉത്രാടപ്പാച്ചിലിന്റെ പ്രത്യേകതയായി തുടരുന്നു.

ഉത്രാടം മലയാളിക്ക് ഉറക്കമില്ലാത്ത ദിവസം കൂടിയാണ്. വീട്ടുകാരെല്ലാം ഒത്തുചേർന്ന് ഓണത്തിനുള്ള വിഭവങ്ങൾ ഒരുക്കുന്നതും ഇന്നത്തെ ദിവസത്തെ പ്രധാന തിരക്കുകളിലൊന്നാണ്.

കായ വറുക്കലും അച്ചാറുണ്ടാക്കലുമെല്ലാം കുടുംബാംഗങ്ങൾ ഒരുമിച്ചാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഉത്രാട ഒരുക്കങ്ങളിൽ ഏത്തക്കായക്കുലയ്ക്കും പ്രത്യേക സ്ഥാനമുണ്ട്.

ഉത്രാടത്തിൽ തുടങ്ങുന്ന ഓണാഘോഷത്തിന് തിരുവോണവും പിന്നിട്ട് മൂന്നാമോണത്തോടെയാണ് കൊടിയിറങ്ങുന്നത്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഓണത്തിന്റെ ഈ പാരമ്പര്യങ്ങളും ആഘോഷരീതികളും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ് മലയാളി.

തിരുവോണത്തിന്റെ വരവറിയിക്കുന്ന ഉത്രാടദിനം അതുകൊണ്ടുതന്നെ മലയാളിയുടെ ഓർമകളിലും ആഘോഷങ്ങളിലും ഏറെ പ്രാധാന്യമുള്ള ദിനമായി തുടരുന്നു.

**English Summary: **

Kerala is witnessing the traditional Uthradam rush as Malayalis make final preparations to welcome Thiruvonam. Families are busy buying new clothes, vegetables, fruits, flowers and groceries to fill their homes for the Onam celebrations. Onam is celebrated as a festival of prosperity, happiness and togetherness. People also buy clothes and gifts for their loved ones. Despite active online shopping, many continue to enjoy visiting crowded shops and selecting items in person. Uthradam is also a busy day at home, with families preparing items such as banana chips and pickles. The celebrations continue through Thiruvonam and the third Onam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379910/uthradam-rush-kerala-preparations-thiruvonam)