---
title: "'അവധി ദിനങ്ങളാണെന്ന കാരണത്താൽ തടസം ഉണ്ടാകാൻ പാടില്ല; മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലകൾ പൂർണ സജ്ജമാകണം’- കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി എ പി അനിൽ കുമാർ"
english_title: "Rain Wind Warning In Kerala District Administrations On High Alert Minister AP Anil Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379882/rain-wind-alert-kerala-district-administrations-on-alert-minister-ap-anil-kumar"
published_at: "2026-08-24T17:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c331584b22_rain-wind-alert-kerala-district-administrations-on-alert-minister-ap-anil-kumar.jpg"
keywords: ["Kerala Rain Alert", "AP Anil Kumar", "IMD Warning", "Kerala Weather"]
---

# 'അവധി ദിനങ്ങളാണെന്ന കാരണത്താൽ തടസം ഉണ്ടാകാൻ പാടില്ല; മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലകൾ പൂർണ സജ്ജമാകണം’- കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി എ പി അനിൽ കുമാർ

> **Lead Summary:** തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ പൂർണ സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ.

## Article Content

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ പൂർണ സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ.

ഓണക്കാലത്തെ തുടർച്ചയായ അവധി ദിനങ്ങൾ കൂടി കണക്കിലെടുത്ത് താലൂക്ക് തല എമർജൻസി ഓപറേഷൻ സെ​ന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പാക്കണം. ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കാനാകുന്ന തരത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടവും പൊലീസ് സംവിധാനവും റോഡ് സുരക്ഷാ സംവിധാനങ്ങളും ജാഗ്രത പുലർത്തണം.

മഴയുടെ സാഹചര്യം വിലയിരുത്തി മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

താലൂക്ക് തല എമർജൻസി ഓപറേഷൻ സെ​ന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആശയവിനിമയ സംവിധാനങ്ങളും ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമായി വന്നാൽ ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കി വയ്ക്കണം.

അവധി ദിനങ്ങളാണെന്ന കാരണത്താൽ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലോ ദുരന്തനിവാരണ സംവിധാനങ്ങളിലോ യാതൊരു തടസവും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ കാലാവസ്ഥാ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എ പി അനിൽ കുമാർ അറിയിച്ചു.

**English Summary:**

In view of IMD rain and strong wind warnings, Revenue Minister AP Anil Kumar directed district administrations to stay fully prepared. Considering Onam holidays, taluk-level Emergency Operation Centers must function 24 hours. Preparations for relief camps, night travel restrictions in hilly areas, safety alerts for tourists, and strict compliance of fishing warnings for Kerala, Karnataka, Lakshadweep coasts from August 24 to 26 with winds up to 55 kmph were instructed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379882/rain-wind-alert-kerala-district-administrations-on-alert-minister-ap-anil-kumar)