---
title: "ഐഫോണിന്റെ ഇ.എം.ഐ കുടിശ്ശിക താങ്ങാനായില്ല; ഡൽഹിയിൽ യുവാവ് യമുന നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "Delhi Man Jumps Into Yamuna River Over Unpaid iPhone EMI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379880/delhi-man-jumps-into-yamuna-river-over-iphone-emi"
published_at: "2026-08-24T17:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c3079010a6_delhi-man-jumps-into-yamuna-river-over-iphone-emi.jpg"
keywords: ["Yamuna river", "iPhone EMI", "suicide attempt", "Delhi Police"]
---

# ഐഫോണിന്റെ ഇ.എം.ഐ കുടിശ്ശിക താങ്ങാനായില്ല; ഡൽഹിയിൽ യുവാവ് യമുന നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** **ന്യൂഡൽഹി: **ഐഫോണിന്റെ പ്രതിമാസ ഇ.എം.ഐ അടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദത്തിൽ ഡൽഹിയിൽ 30കാരൻ യമുന നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് കലിന്ദി കുഞ്ച് ഘട്ടിലാണ് ഈ സംഭവം.

## Article Content

**ന്യൂഡൽഹി: **ഐഫോണിന്റെ പ്രതിമാസ ഇ.എം.ഐ അടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദത്തിൽ ഡൽഹിയിൽ 30കാരൻ യമുന നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് കലിന്ദി കുഞ്ച് ഘട്ടിലാണ് ഈ സംഭവം.

പൊലീസും ഫ്ലഡ് കൺട്രോൾ വിഭാഗം ജീവനക്കാരും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ യുവാവിനെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ സഞ്ജയ് കോളനി സ്വദേശിയായ യുവാവാണ് യമുനയിൽ ചാടിയതെന്നാണ് വിവരം.

അവിടെ ഉണ്ടായിരുന്നു  ആളുകളാണ് ഇയാൾ നദിയിലേക്ക് ചാടുന്നത് കണ്ടത്. തുടർന്ന് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ ഇവർ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി.

താൻ ഡാൻസ് അധ്യാപകനായി ജോലി ചെയ്യുന്നതായും വരുമാനം വർധിപ്പിക്കുന്നതിനായി പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട ജോലികളും ചെയ്യുന്നതായും ഇയാൾ പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വരുമാനം കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് ഇയാളുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

യുവാവ് അടുത്തിടെ ഒരു ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ അതിന്റെ പ്രതിമാസ ഇ.എം.ഐ അടക്കാൻ കഴിയാതെ ഇയാൾ ബുദ്ധിമുട്ടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടിശ്ശികയായ ഇ.എം.ഐ അടക്കാനുള്ള സമ്മർദ്ദവും മൂലം യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിന് പിന്നാലെയാണ് ഇയാൾ യമുന നദിയിലേക്ക് ചാടിയതെന്ന് പൊലീസ് അധികൃതർ അറിയിച്ചു. നദിയിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം പൊലീസ് യുവാവിന് ആവശ്യമായ കൗൺസലിങ് നൽകുകയും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾക്കൊപ്പം യുവാവിനെ സുരക്ഷിതമായി വീട്ടിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

A 30-year-old dance teacher from Delhi's Sanjay Colony attempted suicide by jumping into the Yamuna River at Kalindi Kunj ghat due to severe financial distress caused by his inability to pay monthly EMIs for a newly purchased iPhone. Police and flood control personnel successfully rescued him. After being pulled out safely, authorities provided him with counseling and handed him over to his relatives.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379880/delhi-man-jumps-into-yamuna-river-over-iphone-emi)