---
title: "ആള് ചില്ലറക്കാരനല്ല...! മാലതട്ടാൻ ശ്രമിച്ച ‘പൂജാരി’ കൊലക്കേസ് പ്രതി; കോഴിക്കച്ചവും വിസാ തട്ടിപ്പും, സ്ഥിരം കുറ്റവാളി"
english_title: "Pujari Arrested For Attacking Temple Staff In Pathanamthitta Is Accused In Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379853/pujari-arrested-attacking-temple-staff-is-murder-accused-pathanamthitta"
published_at: "2026-08-24T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a6b1bb945a_pathanamthitta-priest-arrested-attacking-woman-stealing-gold-chain-temple.jpg"
keywords: ["Temple Robbery", "Vasukkutty Murder Case", "Chain Snatching Attempt", "Priest Arrested"]
---

# ആള് ചില്ലറക്കാരനല്ല...! മാലതട്ടാൻ ശ്രമിച്ച ‘പൂജാരി’ കൊലക്കേസ് പ്രതി; കോഴിക്കച്ചവും വിസാ തട്ടിപ്പും, സ്ഥിരം കുറ്റവാളി

> **Lead Summary:** പത്തനംതിട്ട:ക്ഷേത്രജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പൂജാരി കൊലപാതകക്കേസിൽ വിചാരണ നേരിടുന്നയാൾ. ഇലന്തൂർ പൂക്കോട് മേട്ടയിൽ എം പി ബിജുമോൻ ആണ് കഴിഞ്ഞ ദിവസം ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.

## Article Content

പത്തനംതിട്ട:ക്ഷേത്രജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പൂജാരി കൊലപാതകക്കേസിൽ വിചാരണ നേരിടുന്നയാൾ. ഇലന്തൂർ പൂക്കോട് മേട്ടയിൽ എം പി ബിജുമോൻ ആണ് കഴിഞ്ഞ ദിവസം ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.

2009-ൽ പത്തനംതിട്ടയിലെ ഫിനാൻസ് കമ്പനി ഉടമയായിരുന്ന വാസുക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ എന്നാണ് വിവരം. സ്ഥാപനം പൂട്ടി പണവും സ്വർണവുമായി വീട്ടിലേക്ക് മടങ്ങിയ വാസുക്കുട്ടിയെ കാർ തടഞ്ഞ് കടത്തിക്കൊണ്ടുപോയ പ്രതികൾ കഴുത്തിൽ തുണിമുറുക്കി കൊന്നശേഷം മാവേലിക്കര പുന്നമൂടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കേസ്.

2023-ലാണ് ഈ കേസിൽ വിചാരണ തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂൺ 23-നും പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയിൽ (ഒന്ന്) ബിജുമോൻ ഹാജരായിരുന്നു. കേസിൽ ഇതുവരെ 80 സാക്ഷികളെ വിസ്തരിച്ചു എന്നാണ് വിവരം.

ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയ്ക്ക് നേരെയാണ് പൂജാരിയായ ബിജുമോൻ വെള്ളിയാഴ്ച അതിക്രമം നടത്തിയത് എന്നാണ് പരാതി. ആറുമാസം മുൻപാണ് ഈ കുടുംബക്ഷേത്രത്തിൽ ബിജുമോൻ പൂജാരിയായത്.

ദിവസവും രാവിലെയും വൈകീട്ടും പൂജയുള്ള ക്ഷേത്രമാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ശുപാർശയിലാണ് ഇയാൾ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ എത്തുന്നത്.

മറ്റൊരു പൂജാരി മുഖേന എത്തിയതിനാൽ ക്ഷേത്രം ഭാരവാഹികൾക്ക് സംശയമൊന്നും തോന്നിയില്ല. ജീവിത പശ്ചാത്തലവും പരിശോധിച്ചില്ല. എന്നാൽ, പണത്തിനോട് അമിത താത്പര്യം കാട്ടിയിരുന്ന ആളായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു എന്നാണ് വിവരം.

ഇലന്തൂരിലെ വീട്ടിൽ നിന്നാണ് ജോലിക്ക് പോയി വന്നുകൊണ്ടിരുന്നത്. നേരത്തേ അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിലും പൂജാരിയുടെ സഹായിയായി ബിജുമോൻ ജോലിക്കെത്തിയിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ പോയിവരാൻ താത്കാലികമായി നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്നാണ് ആരോപണം.

പരാതികൾ ഉയർന്നതിനെ തുടർന്ന് ദേവസ്വം ബോർഡ് ഇയാളെ ഒഴിവാക്കി എന്നാണ് വിവരം. വാസുക്കുട്ടി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ബിജുമോൻ പൂക്കോട് ജങ്ഷനിൽ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങിയിരുന്നുരം. പിന്നീട് കുമ്പനാട് മുട്ടുമൺ ജങ്ഷനിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു.

ഇവിടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഇയാളുടെ പേരിൽ കോയിപ്രം സ്റ്റേഷനിൽ കേസുണ്ട് എന്നാണ് വിവരം. രണ്ടുതവണ എക്സൈസിന്റെ പിടിയിലുമായിട്ടുണ്ട് എന്നും പറയപ്പെടുന്നു.

കിടങ്ങന്നൂരിൽ ബിജുമോന്റെ ഉടമസ്ഥതയിൽ ഒരു പലചരക്ക് വ്യാപാര സ്ഥാപനമുണ്ട്. സഹായിയെ വെച്ചാണ് ഇതിന്റെ പ്രവർത്തനം എന്നാണ് വിവരം.

**English Summary:**

Pujari remanded for allegedly trying to snatch chain after throwing chilli powder on temple staff at Ullannoor Pulikkoottinal temple is facing murder trial. Accused is MP Bijumon (52), Pookode, Elanthur, arrested by Elavumthitta police. He is first accused in 2009 kidnapping and murder of Vasukkutty, finance company owner in Pathanamthitta. Trial began in 2023 and 80 witnesses examined. He had become priest at family temple six months ago via recommendation. He has past complaints of cheating with visa promises at Koipram station and excise cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379853/pujari-arrested-attacking-temple-staff-is-murder-accused-pathanamthitta)