---
title: "ഇടിച്ച കാർ നിർത്താതെപോയി; പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരിക്ക്"
english_title: "Cherthala Bike Accident: 29-Year-Old Man Dies After Car Hits Bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379799/cherthala-bike-accident-car-hits-bike-youth-dies"
published_at: "2026-08-24T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bb2224b5e4_cherthala-bike-accident-car-hits-bike-youth-dies.jpg"
keywords: ["Cherthala Road Accident", "Bike Accident", "Accident Death", "Alappuzha News"]
---

# ഇടിച്ച കാർ നിർത്താതെപോയി; പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരിക്ക്

> **Lead Summary:** ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു.

## Article Content

ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു.

ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.

ശിവപ്രസാദ് ആയിരുന്നു ബൈക്ക് ഓടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണതിനെത്തുടർന്ന് കാർ നിർത്താതെപോയെന്നും ഇവർ പരിക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നെന്നും പൊലീസ് പറഞ്ഞു.

ഇതുവഴി പോയ മറ്റു യാത്രക്കാർ പരിക്കേറ്റ യുവാക്കളെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.

ശിവപ്രകാശിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശിവപ്രകാശ് കോട്ടയത്ത് കാർ ഷോറൂമിലെ ജീവനക്കാരനാണ്. സഹോദരൻ ശ്യാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379799/cherthala-bike-accident-car-hits-bike-youth-dies)