---
title: "പോയാൽ പെട്ടുപോകും...! താമരശ്ശേരി ചുരത്തില്‍ കുരുക്ക് മുറുകുന്നു; ഓണാവധിക്ക് വയനാട്ടിലേക്ക് കയറിയ വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി "
english_title: "Onam Holiday Rush Causes Massive Traffic Jam At Thamarassery Churam Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379716/onam-holiday-rush-traffic-jam-thamarassery-churam-wayanad"
published_at: "2026-08-23T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a9021eb34a_onam-holiday-rush-traffic-jam-thamarassery-churam-wayanad.jpg"
keywords: ["Thamarassery Churam", "Wayanad Traffic Jam", "Onam Holiday Rush"]
---

# പോയാൽ പെട്ടുപോകും...! താമരശ്ശേരി ചുരത്തില്‍ കുരുക്ക് മുറുകുന്നു; ഓണാവധിക്ക് വയനാട്ടിലേക്ക് കയറിയ വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി 

> **Lead Summary:** **കല്‍പ്പറ്റ: ** ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹവും മടക്കയാത്രയും കാരണം താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട് ഞായറാഴ്ച്ചയും തുടരുകയാണ്. അടിവാരം മുതല്‍ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ മുതല്‍ ഇറങ്ങാനുള്ള വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.

## Article Content

**കല്‍പ്പറ്റ: ** ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹവും മടക്കയാത്രയും കാരണം താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട് ഞായറാഴ്ച്ചയും തുടരുകയാണ്. അടിവാരം മുതല്‍ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ മുതല്‍ ഇറങ്ങാനുള്ള വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.

ഗുണ്ടല്‍പ്പേട്ടിലെ മുന്തിരിത്തോപ്പും പൂപാടങ്ങളും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ചുരത്തിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രധാനമായും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ ഗുണ്ടല്‍പേട്ട്, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികള്‍ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും രാത്രികാലങ്ങളില്‍ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് കുരുക്കിന്റെ പ്രധാന കാരണം.

ഇതിനുപുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ നടക്കുന്ന വീതികൂട്ടല്‍ പ്രവൃത്തികൾ മൂലമുള്ള തടസ്സങ്ങളും സ്ഥിതി കൂടുതൽ വഷളാക്കി. ഞായറാഴ്ച്ചയും ഓണം അവധിയും കൂടിയായതോടെ രാവിലെയും വയനാട് ഭാഗത്തുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഉള്ളത്. കിലോമീറ്ററുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ രൂപപ്പെട്ട കനത്ത ബ്ലോക്കില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളമാണ് വഴിയില്‍ കുടുങ്ങിയത്. ഗതാഗതക്കുരുക്കിനിടയിലും ക്ഷമയില്ലാതെ ചില ഡ്രൈവര്‍മാര്‍ വരി തെറ്റിച്ച് തെറ്റായ ദിശയിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ലൈന്‍ ട്രാഫിക്കിങ് കൃത്യമായി പാലിക്കാത്ത കാര്‍ ഡ്രൈവര്‍മാരും സ്വകാര്യ ബസ് ഡ്രൈവര്‍മാരും ചുരത്തിലെ കുരുക്ക് ഇരട്ടിയാക്കുന്നതിന് കാരണമായി.

English Summary:

With the onset of Onam holidays, Thamarassery Churam is witnessing massive traffic jams stretching for kilometers. The severe block that started around 11 PM on Saturday continued on Sunday, with long queues of vehicles from Adivaram uphill and from Vythiri-Thalippuzha downhill. The rush of tourists from Kozhikode, Malappuram, and Palakkad to Wayanad and Gundalpet, combined with heavy multi-axle vehicles and ongoing widening works at curves 6, 7, and 8, has worsened the situation, leaving even ambulances stranded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379716/onam-holiday-rush-traffic-jam-thamarassery-churam-wayanad)