---
title: "ആഘോഷം കണ്ണീരായി....: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Mumbai Ganesh Idol Collapses During Procession Two Dead Five Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379703/mumbai-ganesh-idol-collapse-two-dead-five-injured"
published_at: "2026-08-23T10:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a7978e6adc_mumbai-ganesh-idol-collapse-two-dead-five-injured.jpg"
keywords: ["Ganeshotsav Accident", "Bhuleshwaracha Raja", "Mumbai Ganesh Idol Collapse"]
---

# ആഘോഷം കണ്ണീരായി....: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മുംബൈ: **മുംബൈയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ ഭുലേശ്വറിൽ 'ഭുലേശ്വരാച രാജ' ഗണേശ വിഗ്രഹ എഴുന്നെള്ളിപ്പിനിടയാണ് ഈ വലിയ അപകടമുണ്ടായത്.

## Article Content

**മുംബൈ: **മുംബൈയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ ഭുലേശ്വറിൽ 'ഭുലേശ്വരാച രാജ' ഗണേശ വിഗ്രഹ എഴുന്നെള്ളിപ്പിനിടയാണ് ഈ വലിയ അപകടമുണ്ടായത്.

ദുരന്തത്തിൽ 33കാരനായ സങ്കേത് നേവ്‌ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തർ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51 ഓടെയാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ ഉടൻ തന്നെ മുംബൈ അഗ്നിരക്ഷാ സേന, മുംബൈ പൊലീസ്, ട്രാഫിക്ക് പൊലീസ്, ആംബുലൻസ് സർവീസുകൾ, ബ്രിഹൻമുംബൈ മ്യൂണിസിപ്പൽ കോർപ്പറേഷൻ അധികൃതർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. 'ഭുലേശ്വരാചാ രാജാ' ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ആഹ്ളാദ പ്രകടനവും ഘോഷയാത്രയുമാണ് പിന്നീട് കണ്ണീരിൽ കലാശിച്ചത്.

പരിക്കേറ്റവരിൽ അഞ്ച് വയസുള്ള പെൺകുട്ടിയും ഏഴ് വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. വൈഭവ് ഖേനന്ദ് (38), പവൻ ചൗരസ്യ (25), ലാവണ്യ ഗാനർ (5), ദിവ്യ ഗാനർ (7), കുനാൽ കാശിത് (26) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Two youths died and five others including two children were injured after a giant Ganesh idol collapsed during a Ganeshotsav procession in Mumbai's Bhuleshwar. The incident occurred during the 'Bhuleshwaracha Raja' idol procession near Kabutarkhana at Jai Ambe Chowk on Saturday night at 9:51 pm. The deceased were identified as Sanket Nevshe (33) and Brijesh Hemanth Joshi (30).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379703/mumbai-ganesh-idol-collapse-two-dead-five-injured)