---
title: "ഊഞ്ഞാൽ കണ്ടപ്പോൾ ഇരുന്ന് ആടിയതല്ല...?  പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്"
english_title: "ED Attack Case Accused Joins Police Onam Celebration; DGP Orders Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379686/ed-attack-case-accused-police-onam-celebration-dgp-probe"
published_at: "2026-08-23T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89b6d1eb37c_ed-attack-case-accused-onam-reels-museum-police-station-probe.jpg"
keywords: ["Museum Police Station", "ED Attack Case", "IP Binu", "Onam Reels Controversy"]
---

# ഊഞ്ഞാൽ കണ്ടപ്പോൾ ഇരുന്ന് ആടിയതല്ല...?  പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

> **Lead Summary:** തിരുവനന്തപുരം: ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’– പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചതാണിത്.

## Article Content

തിരുവനന്തപുരം: ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’– പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചതാണിത്.

ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടിയത് മ്യൂസിയം സ്റ്റേഷനു മുന്നിൽ. പൊലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം.

സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്.

ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിനുവും എത്തിയത്.

നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർ വസ്ത്രം വാങ്ങിയതിനൊപ്പം ബിനുവിനും കൂടി വാങ്ങിയെന്നാണു വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ആണ് ബിനുവിനു വസ്ത്രം കൈമാറിയത്.

സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ.പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തിനെ കഴിഞ്ഞദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ആഘോഷം.

മ്യൂസിയം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഇ.ഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണു ജാമ്യവ്യവസ്ഥ. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം.

**English Summary:**

> CPI(M) leader IP Binu, an accused in the case involving an attack on an ED team outside Pinarayi Vijayan’s residence, reportedly participated in the Onam celebration at Museum Police Station in Thiruvananthapuram and swung on a traditional swing. Binu shared a video on social media with the caption, “If you see a swing and don’t swing, then what is Onam?” DGP Ravada A. Chandrasekhar ordered an inquiry based on a Special Branch report. The report said around 20 accused persons, including Binu, participated in the police celebration. The Special Branch reportedly found that the participation took place with the knowledge of Inspector R. Prashanth. Binu and other accused had recently obtained bail and were required to sign at the station every Saturday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379686/ed-attack-case-accused-police-onam-celebration-dgp-probe)