---
title: "കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Chinmaya University Student Dies In Piravom Bike Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379671/piravom-onakkoor-bike-accident-chinmaya-university-student-dies"
published_at: "2026-08-22T22:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89d4551e75c_piravom-onakkoor-bike-accident-chinmaya-university-student-dies.jpg"
keywords: ["Piravom Accident", "BTech Student Death", "Bike Accident"]
---

# കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു.

## Article Content

പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു.

കൊല്ലം അഞ്ചൽ തടിക്കാവ് ഉഷസിൽ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകൻ ആദിത്യൻ അരുൺകുമാർ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഞ്ചൽപ്പെട്ടി മംഗലത്ത് ഇയാൻ ജോർജ് വർഗീസ് (20)നും അപകടത്തിൽ പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കാമ്പസിൽ നിന്ന് ഓണക്കൂർ പാലം കവലയിലെത്തിയ വിദ്യാർത്ഥികൾ അവിടെ നിന്ന് ബൈക്കിൽ പിറവത്തേക്ക് പോയിരുന്നു.

തിരികെ വരുന്നതിനിടെ ഓണക്കൂർ ക്ഷേത്രം റോഡിൽ നിന്ന് ഇറങ്ങി വന്ന കാറിൽ ബൈക്ക് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആദിത്യൻ അരുൺകുമാറിന്റെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യൻ അരുൺകുമാർ മരിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വിദ്യാർത്ഥിയുടെ മരണത്തിൽ ചിന്മയ സർവകലാശാല അധികൃതരും സഹപാഠികളും അനുശോചനം രേഖപ്പെടുത്തി.

ഓണക്കൂർ കരയോഗപ്പടി ഭാഗത്ത് നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും റോഡിന്റെ വശങ്ങളിൽ നിന്ന് പെട്ടെന്ന് വാഹനങ്ങൾ കയറി വരുന്നത് അപകടത്തിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

**English Summary:**

Chinmaya University Onakkoor campus BTech Computer Science (Cyber Security) student Adithyan Arunkumar (20) died in a bike accident at Onakkoor Karayogappadi in Piravom. He is son of Arunkumar Sasidharan and Priju Prasannakumar from Thadikavu, Anchal, Kollam. His friend Ian George Varghese (20) who was riding the bike was injured. Accident occurred Friday noon when their bike hit a car coming from Onakkoor temple road and lost control, causing pillion rider Adithyan to hit electric post. Helmet broke in impact. Both were taken to Piravom Taluk Hospital but Adithyan died.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379671/piravom-onakkoor-bike-accident-chinmaya-university-student-dies)