---
title: "വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വർഗീയതയ്ക്ക് വളംവെക്കുന്നതെന്ന് സിപിഐഎം; ഷംസീറിനെതിരായ പരാമർശത്തിൽ പ്രതിഷേധം"
english_title: "CPM Slams Vellappally Natesan Statement Against AN Shamseer Communal Remark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379669/cpim-slams-vellappally-natesan-statement-an-shamseer-league-remark"
published_at: "2026-08-22T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89cde5e1a33_cpim-slams-vellappally-natesan-statement-an-shamseer-league-remark.jpg"
keywords: ["Vellappally Natesan", "AN Shamseer", "CPM", "Communal Remark"]
---

# വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വർഗീയതയ്ക്ക് വളംവെക്കുന്നതെന്ന് സിപിഐഎം; ഷംസീറിനെതിരായ പരാമർശത്തിൽ പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം: വർഗീയതയ്ക്ക് വളംവെക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ എൻ ഷംസീറിനെ ലീഗിന്റെ ശബ്ദമെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും പ്രസ്താവനയിൽ സിപിഐഎം ചൂണ്ടിക്കാണിച്ചു.

## Article Content

തിരുവനന്തപുരം: വർഗീയതയ്ക്ക് വളംവെക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ എൻ ഷംസീറിനെ ലീഗിന്റെ ശബ്ദമെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും പ്രസ്താവനയിൽ സിപിഐഎം ചൂണ്ടിക്കാണിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിഭജിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സിപിഐഎം വ്യക്തമാക്കി.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്എൻഡിപി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദർശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്എൻഡിപി പ്രവർത്തിച്ചത്.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിന് ഈ നിലപാട് നൽകിയ സംഭാവന വളരെ വലുതാണ്. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയിൽ നിന്ന് ഉണ്ടായതെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗിന്റെ മനസാണെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനം. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.

എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമ്മ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചിരുന്നു.

അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയത്. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണ്. സഖാക്കൾ ഭരണത്തിൽ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു.

**English Summary:**

CPM said Vellappally Natesan's statement is one that fertilizes communalism. CPM criticized SNDP Yogam General Secretary Vellappally Natesan's remark that former Speaker and CPM state committee member AN Shamseer is voice of Muslim League. CPM said party organizes people from all sections for social change and divisive portrayal of leaders working for same goal is highly condemnable. CPM noted SNDP's huge role in shaping Kerala's secularism upholding Sree Narayana vision that essence of all religions is one, and such statement should never come from its secretary. Vellappally had said Shamseer does not have communist mind but League mind, that leaders like Pinarayi reached power after sacrifices while Shamseer got power easily, and that power-hungry communist leaders with arrogance caused left's defeat and prevented third Pinarayi government, while speaking at SN Trust annual general meeting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379669/cpim-slams-vellappally-natesan-statement-an-shamseer-league-remark)