---
title: "അജ്ഞാത ഫോൺ സന്ദേശം വഴിത്തിരിവായി; വയോധികയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകനും പെൺസുഹൃത്തും അറസ്റ്റിൽ"
english_title: " Pathanamthitta Elderly Woman Murder Son And Girlfriend Arrested Kadapra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379654/elderly-woman-murdered-son-girlfriend-arrested-kadapra-pathanamthitta"
published_at: "2026-08-22T19:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89ad6999e50_elderly-woman-murdered-son-girlfriend-arrested-kadapra-pathanamthitta.jpg"
keywords: ["[Pathanamthitta Murder", "Elderly Woman Murder", "Kadapra Crime", "Kerala Crime"]
---

# അജ്ഞാത ഫോൺ സന്ദേശം വഴിത്തിരിവായി; വയോധികയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകനും പെൺസുഹൃത്തും അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: വയോധികയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസ് മരിച്ച സംഭവത്തിൽ മകൻ ടിജോ തോമസ് , ഇയാളോടൊപ്പം താമസിക്കുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പത്തനംതിട്ട: വയോധികയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസ് മരിച്ച സംഭവത്തിൽ മകൻ ടിജോ തോമസ് , ഇയാളോടൊപ്പം താമസിക്കുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്. കുമ്പനാട്ടെ ഫെലോഷിപ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് അവിടെ എത്തി പരിശോധന നടത്തി.

പരിക്കുകൾ വ്യക്തമായിരുന്ന സാഹചര്യത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോൾ ടിജോയും റിൻസിയും മർദ്ദനവിവരം സമ്മതിച്ചു. അമ്മയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രാവിലെ 8.30ഓടെ സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം കുമ്പനാട്ടെ ആശുപത്രിയിൽ എത്തിച്ച് സംസ്കാരം പിന്നീട് നടത്താനെന്ന് പറഞ്ഞ് മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

ഇതിനായി സ്ഥലത്തെ ഒരു പഞ്ചായത്ത് മെംബറുടെ കത്തും ഇയാൾ സംഘടിപ്പിച്ചിരുന്നു. ടിജോ തോമസ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്.

ഇവർ തമ്മിൽ കലഹം പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും തലയണ വെച്ച് ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. ഇതാണ് മരണത്തിന് കാരണമായത്.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. തിരുവല്ല ഡിവൈ.എസ്.പി പി.ആർ. സന്തോഷിന്‍റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ. ജി, എസ്.ഐ പങ്കജ് വി. കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

**English Summary:**

In Pathanamthitta, son and his girlfriend arrested for murdering elderly woman. Ponnamma Thomas (75) of Kanjiram Nilkunnathil, Kadapra found dead. Son Tijo Thomas (37) and Kollam Kavanad native Rincy Mol (37) arrested by Koipram police. Initially projected as natural death, anonymous phone tip led police to Fellowship Hospital mortuary in Kumbanad. Injuries found, postmortem at Kottayam Medical College confirmed murder. Accused confessed beating. During fight on Monday night, Tijo kicked mother on chest, smothered with pillow and beat her. Remanded, will be taken into custody for evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379654/elderly-woman-murdered-son-girlfriend-arrested-kadapra-pathanamthitta)