---
title: "പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം"
english_title: "Palathayi Pocso Case BJP Leader Bail Prosecution Collusion Allegation P Jayarajan Demands Clarity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379630/palathayi-pocso-case-bail-prosecution-allegation-p-jayarajan"
published_at: "2026-08-22T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89850abb092_palathayi-pocso-case-bail-prosecution-allegation-p-jayarajan.jpg"
keywords: ["Palathayi Pocso Case", "P Jayarajan", "UDF Government"]
---

# പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം

> **Lead Summary:** കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബി ജെ പി നേതാവായ പ്രതി കെ പത്മരാജന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സി പി എം നേതാവ് പി ജയരാജൻ.

## Article Content

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബി ജെ പി നേതാവായ പ്രതി കെ പത്മരാജന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സി പി എം നേതാവ് പി ജയരാജൻ.

വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. ഇരയായ കുട്ടിയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയെ തുടർന്നുള്ള അപ്പീൽ നടപടികളിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമസംഘത്തെ തന്നെ സർക്കാർ നിയോഗിക്കണം. കൂടാതെ, ഈ വിഷയത്തിൽ യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അതേസമയം, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി മൂലമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു.

എൽ ഡി എഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണെന്നും പ്രോസിക്യൂഷൻ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കി.

**പി ജയരാജന്‍റെ കുറിപ്പ്**

***പാലത്തായി കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണ്. പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ കോടതിവിധിയിലേക്ക് നയിച്ചത് എന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നത്. ***

***പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.***

***പാലത്തായി കേസിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മും എൽഡിഎഫ് സർക്കാരും ഒത്തുകളിക്കുന്നു എന്ന വ്യാപകമായ വ്യാജ പ്രചാരണമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വിചാരണക്കോടതിയിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അതോടെ അന്നത്തെ ഒത്തുകളി ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമായി.***

***കെ കെ ശൈലജ ടീച്ചർ അടക്കമുള്ള ജനപ്രതിനിധികളും സിപിഐഎമ്മും അതിജീവിതയ്ക്ക് നീതി കിട്ടാൻ ശക്തമായ ഇടപെടലാണ് അന്ന് നടത്തിയത്.***

***ഇപ്പോൾ, അതേ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന സംശയം ഉയർന്നിരിക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ അവഗണിക്കാവുന്നതല്ല. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും അടക്കം അത്തരം ഗൗരവമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.***

***വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം. അപ്പീൽ നടപടികളിൽ ശക്തമായ സംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കണം. യുഡിഎഫിന്റെ ഒരു രാഷ്ട്രീയ താൽപര്യവും ഒരു കുട്ടിക്ക് ലഭിക്കേണ്ട നീതിയെക്കാൾ വലുതല്ല എന്ന് തിരിച്ചറിവ് ഉണ്ടാകണം.***

***പാലത്തായി കേസിൽ സിപിഐഎമ്മിനെതിരെ അന്ന് ഉയർത്തിയ ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണിത്. അന്ന് പ്രതിയെ സംരക്ഷിക്കാൻ സിപിഐഎം ഒത്തുകളിച്ചില്ല; ഇന്ന് യഥാർത്ഥ ഒത്തുകളി നടന്നിരിക്കുന്നു.***

***അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കുക, ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. നേരത്തെ വ്യാജ പ്രചാരണത്തിന് സമൃദ്ധമായി വാക്കും ആയുധവും ഉപയോഗിച്ച യുഡിഎഫ് ഘടകകക്ഷി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഈ ഒത്തുകളിയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും താല്പര്യമുണ്ട്.***

*** സ്വന്തക്കാരുടെ ഒത്തുകളി ആകുമ്പോൾ അത് പേരിനു വേണ്ടി ഒരു പ്രതികരണത്തിൽ ഒതുക്കി മിണ്ടാതിരിക്കാനാണ് ഭാഗമെങ്കിൽ അത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാനും പൊതുസമൂഹം തയ്യാറാകും എന്ന് മറക്കരുത്.***

**English Summary:**

CPM leader P Jayarajan demanded government clarify allegation that prosecution colluded with defence after Palathayi Pocso case convict BJP leader K Padmarajan got bail. Trial court had given life term, High Court suspended sentence noting prima facie error and contradictions in child's statements. Jayarajan in Facebook post sought probe into protection of victim rights, action against responsible officials and strong legal team for appeal. CPM Kannur secretary KK Ragesh also alleged prosecution lapse, saying LDF government had secured conviction earlier.

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379630/palathayi-pocso-case-bail-prosecution-allegation-p-jayarajan)