---
title: " 'സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല; പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന', പിണറായി വിജയന് മറുപടിയുമായി ബിനോയ് വിശ്വം"
english_title: "CPI CPM Row Over Opposition Deputy Leader Post Binoy Viswam Slams Pinarayi Vijayan Statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379623/cpi-cpm-row-opposition-deputy-leader-binoy-viswam-slams-pinarayi"
published_at: "2026-08-22T15:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8977f925df3_cpi-cpm-row-opposition-deputy-leader-binoy-viswam-slams-pinarayi.jpg"
keywords: ["Binoy Viswam", "Pinarayi Vijayan", "CPI", "CPM", "Opposition Deputy Leader"]
---

#  'സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല; പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന', പിണറായി വിജയന് മറുപടിയുമായി ബിനോയ് വിശ്വം

> **Lead Summary:** തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള പോര് മുറുകുന്നു. സിപിഎമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

## Article Content

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള പോര് മുറുകുന്നു. സിപിഎമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി.

പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎം തന്നെ വഹിക്കുമെന്ന് തീർത്തുപറഞ്ഞുള്ള പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിപിഐയുടെ പ്രതികരണം വന്നത്. സ്പീക്കർക്ക് കത്ത് നൽകേണ്ട താമസമേയുള്ളൂവെന്നും കത്തിൽ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുന്നണിയിലെ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇരു പാർട്ടികളും പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.

**പിണറായിയുടെ പ്രഖ്യാപനം**

ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവര്‍ത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സ്പീക്കര്‍ താനാണ് കത്ത് നൽകുകയെന്നും ആ കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സി പി എം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സി പി എം തയ്യാറല്ലെന്ന് കൂടിയാണ് പിണറായി വ്യക്തമാക്കിയത്.

സി പി ഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽ ഡി എഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സി പി ഐയും വിടില്ലെന്ന് ഉറപ്പായി.

പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സി പി ഐയ്ക്കും വിട്ടു കൊടുക്കുന്നത് സി പി എമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലാണ്.

**English Summary:**

The dispute over Opposition Deputy Leader post intensifies between CPI and CPM. Reacting sharply to Opposition Leader Pinarayi Vijayan's statement that CPM will retain the post, CPI State Secretary Binoy Viswam said the statement does not befit the position and maturity. He said he does not expect Pinarayi to say so and if said, it cannot be accepted. No leader can put a price on CPI's pride, Binoy said, indicating hardening of positions within LDF.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379623/cpi-cpm-row-opposition-deputy-leader-binoy-viswam-slams-pinarayi)