---
title: "  'തന്റെ കൈകൾ ശുദ്ധം, പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല' - പ്രതിപക്ഷ നേതാവ്"
english_title: "Opposition Leader Pinarayi Vijayan Responds To ED Probe Against Daughter Veena"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379587/pinarayi-vijayan-response-ed-probe-veena"
published_at: "2026-08-22T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89468f5eca7_pinarayi-vijayan-response-ed-probe-veena.jpg"
keywords: ["Pinarayi Vijayan", "Veena Vijayan", "ED Probe", "Hawala Case", "Kerala Politics"]
---

#   'തന്റെ കൈകൾ ശുദ്ധം, പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല' - പ്രതിപക്ഷ നേതാവ്

> **Lead Summary:** **തിരുവനന്തപുരം: ** മകൾ വീണ വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** മകൾ വീണ വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണവുമായി വീണ പൂർണ്ണമായി സഹകരിച്ചുവെന്നും ഇനിയും ആവശ്യമായ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ തന്റെ മകളായതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങളൊക്കെ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിന്റെ ഉടമയല്ല, ഈ കേസിൽ പറയുന്ന പണവും അത്ര വലുതല്ല.

തന്റെ മകളായതുകൊണ്ട് മാത്രം വിചിത്രമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധാരണയായി ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകുക. എന്നാൽ ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കുകയാണുണ്ടായത്. മാത്രമല്ല, അതിൽ 'പി. വിജയൻ' എന്നാണ് പരാമർശിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി എന്നും അതിൽ എടുത്തുപറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്ന ചില മാധ്യമങ്ങളുണ്ട്. ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാർത്ത ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നൽകിയതെന്നും പിണറായി വിജയൻ വിമർശിച്ചു.

പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. താനോ കുടുംബമോ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന പൂർണ്ണ ബോധ്യമുണ്ട്. ഈ കൈകൾ ഇനിയും ശുദ്ധമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Opposition Leader Pinarayi Vijayan responded to the ED probe against his daughter Veena. He stated that neither he nor his daughter or family members conducted any hawala transactions and claimed his hands are clean. He alleged that unusual procedures were followed by ED including issuing a press note mentioning P Vijayan as former Chief Minister, and questioned media reports about money transfer to her husband Mohammed Riyas's account.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379587/pinarayi-vijayan-response-ed-probe-veena)