---
title: "പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ"
english_title: "Palakkad Railway Division Split To Appease Karnataka BJP Says VK Sreekandan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379575/palakkad-division-bifurcation-vk-sreekandan-slams-centre-new"
published_at: "2026-08-22T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8933d0683f8_palakkad-division-bifurcation-vk-sreekandan-slams-centre-new.jpg"
keywords: ["Palakkad Railway Division", "VK Sreekandan MP", "Mangaluru Railway", "Railway Board"]
---

# പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ

> **Lead Summary:** **പാലക്കാട്: **പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**പാലക്കാട്: **പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിതെന്നും എം.പി വ്യക്തമാക്കി. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു.

ജനവിരുദ്ധമായ റെയിൽവേയുടെ ഈ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മംഗലാപുരം മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് ഉത്തരവിനെതിരെ മറ്റ് ജനപ്രതിനിധികളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് തുടങ്ങി മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന എല്ലാ പ്രധാന ട്രെയിനുകളുടെയും സമയക്രമം ഇനി മൈസൂർ ഡിവിഷനായിരിക്കും തീരുമാനിക്കുന്നത്.

ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടിക്കുറയ്ക്കുന്നതിലും മൈസൂർ ഡിവിഷന് തീരുമാനമെടുക്കാം. കൂടാതെ, മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകളിൽ പാലക്കാട് ഡിവിഷന് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. പനമ്പൂർ ഗുഡ്‌സ് യാഡ് നഷ്ടപ്പെടുന്നതും ഡിവിഷന്റെ വരുമാനത്തെ ബാധിക്കും.

മുൻപ് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാട്ടിൽ നിന്നും ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സമാനമായ പ്രതിസന്ധി ഇനിയുമുണ്ടാകാം. ഡിവിഷൻ ഓഫീസ് മുതൽ ജീവനക്കാരുടെ കുറവും ഫണ്ട് ലഭ്യതയിലെ കുറവും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും.

English Summary:

Criticizing the bifurcation of Palakkad Railway Division, Congress MP V.K. Sreekandan alleged that the midnight move, taken without informing Kerala MPs and the state government, was to appease the BJP in Karnataka. He said it violates the Railway Minister's assurance that Palakkad division would not be split. By removing Mangaluru from Palakkad division, the Centre aims to cut revenue and funds and destroy the division, he alleged, warning of strong protests inside and outside Parliament.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379575/palakkad-division-bifurcation-vk-sreekandan-slams-centre-new)