---
title: "അധ്യാപകന്റെ ക്രൂരത! പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം, പ്രധാനാധ്യാപകൻ അറസ്റ്റിൽ"
english_title: "Jammu Kishtwar Headmaster Arrested For Sexually Assaulting Tribal Minor Student Death During Abortion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379550/jammu-kishtwar-headmaster-arrested-tribal-minor-assault-abortion-death"
published_at: "2026-08-22T06:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88f70cc2865_jammu-kishtwar-headmaster-arrested-tribal-minor-assault-abortion-death.jpg"
keywords: ["Minor Assault", "Headmaster Arrested", "Rape Case", "Abortion", "Sexually Assault", "Student Death"]
---

# അധ്യാപകന്റെ ക്രൂരത! പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം, പ്രധാനാധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **ജമ്മു: **കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചുവെന്നാണ് പ്രാദേശികമായി ഉയരുന്ന ആരോപണം.

## Article Content

**ജമ്മു: **കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചുവെന്നാണ് പ്രാദേശികമായി ഉയരുന്ന ആരോപണം.

പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് പറഞ്ഞു.

പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തതായും എസ്എസ്പി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

രണ്ടാഴ്ച മുൻപ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വ്യക്തമായതെന്ന് ഒരു പ്രാദേശിക ആദിവാസി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന്, പെൺകുട്ടി പ്രധാനാധ്യാപകന്റെ പേര് മാതാപിതാക്കളോട് വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

പ്രധാനാധ്യാപകനെ വിളിച്ചുവരുത്തിയപ്പോൾ ഇയാൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തുവെന്നും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ആദിവാസി നേതാവ് ആരോപിച്ചു. അപമാനം ഭയന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച പ്രതിയും സഹോദരനും പെൺകുട്ടിയുടെ വീട്ടിലെത്തി ഗർഭച്ഛിദ്രത്തിനായി കിഷ്ത്വാറിലെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നും പെൺകുട്ടിയുടെ പിതാവും അമ്മാവനും ഇവരുടെ ഒപ്പം പോയി എന്നുമാണ് വിവരം. ഗർഭച്ഛിദ്രത്തിനിടയിൽ പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് പ്രതിയും സഹോദരനും ചേർന്ന് പെൺകുട്ടിയെ ജമ്മുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായും പറയപ്പെടുന്നു.

എന്നാൽ വ്യാഴാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു എന്നാണ് വിവരം.പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് എത്തിക്കാൻ പ്രതികൾ ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കിയെന്നും മൃതദേഹം എത്തിയതോടെ ഗ്രാമവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

**English Summary**

In Kishtwar district, Jammu, a government school headmaster was arrested for allegedly sexually assaulting a minor tribal student for months and impregnating her. According to reports and a local tribal leader's claim, the girl was seven months pregnant and died during a forced abortion. Police have registered a case and arrested the headmaster and his brother who allegedly took her to various places for abortion and delivery. SSP Naresh Singh confirmed investigation. Education department suspended the headmaster. Villagers staged strong protests demanding a judicial inquiry after the body was brought back in a private ambulance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379550/jammu-kishtwar-headmaster-arrested-tribal-minor-assault-abortion-death)