---
title: "കെസിഎല്ലിൽ കൊച്ചിയുടെ ഗർജ്ജനം; കൊല്ലം സെയിലേഴ്സിനെ തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം"
english_title: "KCL 2025 Kochi Blue Tigers Beat Aries Kollam Sailors By 31 Runs Sachin Suresh Fifty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379524/kcl-2025-kochi-blue-tigers-beat-kollam-sailors-31-runs"
published_at: "2026-08-21T20:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8866778850d_kcl-2025-kochi-blue-tigers-beat-kollam-sailors-31-runs.jpg"
keywords: ["KCL", "Kochi Blue Tigers", "Aries Kollam Sailors", "Sachin Suresh", "Kerala Cricket League"]
---

# കെസിഎല്ലിൽ കൊച്ചിയുടെ ഗർജ്ജനം; കൊല്ലം സെയിലേഴ്സിനെ തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം

> **Lead Summary:** **തിരുവനന്തപുരം: **കേരള ക്രിക്കറ്റ് ലീഗ് കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. സച്ചിൻ സുരേഷിന്റെ മികച്ച ബാറ്റിംഗാണ് കൊച്ചിക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്.

## Article Content

**തിരുവനന്തപുരം: **കേരള ക്രിക്കറ്റ് ലീഗ് കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. സച്ചിൻ സുരേഷിന്റെ മികച്ച ബാറ്റിംഗാണ് കൊച്ചിക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്.

മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷിനാണ്. ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് തുറന്ന വിനൂപ് മനോഹരനും വിപുൽ ശക്തിയും ചേർന്ന് ആദ്യ വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു.

വിനൂപ് മനോഹരൻ 37 റൺസും വിപുൽ ശക്തി 12 റൺസുമെടുത്ത് പുറത്തായി. തുടർന്നെത്തിയ ജോബിൻ ജോബി 7 റൺസും മനുകൃഷ്ണൻ 13 റൺസും സാലി സാംസൺ 8 റൺസും മാത്രമാണ് നേടിയത്.ടീം വലിയൊരു തകർച്ചയെ നേരിടുന്ന സമയത്ത് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്.

അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽ നിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും നേടിയ സച്ചിൻ 28 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്.

ഒരു ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്സ്. കൊല്ലം സെയിലേഴ്സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 15 റൺസെടുത്ത ആനന്ദ് കൃഷ്ണൻ കെ. എം. ആസിഫിന്റെ പന്തിൽ സാലി സാംസൺ പിടിച്ചു പുറത്തായി.

തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും അഭിഷേക് നായരും ചേർന്ന് 60 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ ഇരുവരും അടുത്തടുത്ത ഇടവേളകളിൽ പുറത്തായത് കൊല്ലത്തിന് തിരിച്ചടിയായി. അഭിഷേക് നായർ 55 റൺസും വത്സൽ ഗോവിന്ദ് 32 റൺസും നേടി. തുടർന്നെത്തിയ അജിനാസ് 7, സച്ചിൻ പി. എസ്. 7, അമൽ എ. ജി. 3 എന്നിവർക്കും നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഷറഫുദ്ദീൻ 28* റൺസ് നേടിയെങ്കിലും കൊല്ലത്തിന്റെ സ്കോർ 158-ൽ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെ. എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

**English Summary**

Kochi Blue Tigers defeated Aries Kollam Sailors by 31 runs in the second match of the Kerala Cricket League. Batting first, Kochi posted 189 for 5 in 20 overs. Sachin Suresh scored 58 off 32 balls and was named Player of the Match. Karthik B. Nair remained unbeaten on 38 off 17. In reply, Kollam managed only 158 for 6. Abhishek Nayar top-scored with 55 and captain Vatsal Govind made 32. KM Asif and Midhun took two wickets each for Kochi. Kollam won the toss and elected to field.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379524/kcl-2025-kochi-blue-tigers-beat-kollam-sailors-31-runs)