---
title: "'വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി; ഞങ്ങൾ ഈ ഗാനം പൂർണമായി പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും', കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് - എ പി അബ്ദുള്ളക്കുട്ടി"
english_title: "AP Abdullakutty Supports Singing Vande Mataram Slams Congress And Muslim League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379496/ap-abdullakutty-supports-vande-mataram-slams-congress-league-kozhikode"
published_at: "2026-08-21T16:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a882d4de868d_ap-abdullakutty-supports-vande-mataram-slams-congress-league-kozhikode.jpg"
keywords: ["AP Abdullakutty", "Vande Mataram", "BJP", "Muslim League", "Congress"]
---

# 'വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി; ഞങ്ങൾ ഈ ഗാനം പൂർണമായി പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും', കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് - എ പി അബ്ദുള്ളക്കുട്ടി

> **Lead Summary:** കോഴിക്കോട്: വന്ദേമാതരം ഗീതം ആലപിക്കുന്നതിനെ അനുകൂലിച്ചും കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വന്ദേമാതര സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കോഴിക്കോട്: വന്ദേമാതരം ഗീതം ആലപിക്കുന്നതിനെ അനുകൂലിച്ചും കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വന്ദേമാതര സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് അലി ജിന്നയുടെ ഇന്ത്യാ വിഭജനത്തിന് ശേഷം വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി എന്നും, ഇവിടെ ജീവിക്കുന്ന താൻ ഉൾപ്പെടെയുള്ള മുസ്‌ലിംകൾ ദേശീയ മുസ്‌ലിംകൾ ആണ് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഞങ്ങൾ ഈ ഗാനം പൂർണമായി പാടുമെന്നും പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. കോൺഗ്രസ് പ്രചരിപ്പിക്കുന്നത് വന്ദേമാതരം മുസ്‌ലിംകളുടെ വിശ്വാസത്തിന് എതിരാണെന്നാണ് എന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.

ഇന്ത്യയെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ അടിത്തറയായിരുന്നു ജിന്നയുടെ വന്ദേമാതരത്തെ പിളർത്തുന്ന സമീപനം എന്നും, ഇതേ സമീപനം ഇവിടെ കോൺഗ്രസ് സ്വീകരിക്കുന്നു എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെങ്കിൽ, പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ നിയമങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണ് എന്നും, ഇതിനെ വെല്ലുവിളിക്കുന്നവർക്ക് ജനാധിപത്യ രാജ്യത്ത് തുടരാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ലീഗ് മതേതര പാർട്ടിയാണെന്നാണ് കോൺഗ്രസുകാർ പറഞ്ഞുനടക്കുന്നതെന്നും എന്നാൽ, ജിന്നയുടെ രാഷ്ട്രീയവികാരം ഉൾക്കൊള്ളുന്ന ഒരു വലിയ ശക്തി ഇന്ന് ലീഗിനുള്ളിലുണ്ടെന്നും അദ്ദേഹം വിമർശിച്ചു. വന്ദേമാതര സദസിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾക്കെതിരെ അബ്ദുള്ളക്കുട്ടി വിമർശനം തുടർന്നു.

സോണിയ ഗാന്ധി വന്ദേമാതരത്തോട് മാത്രമല്ല, ഭാരതഭൂമിയോടും 140 കോടി ജനങ്ങളോടും വലിയ നന്ദികേടാണ് കാണിച്ചത് എന്ന് അദ്ദേഹം ആരോപിച്ചു. അവർ ഒരു വിദേശിയായിരുന്നു എന്നും, നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു കുടുംബാംഗം അവരെ പ്രണയിച്ചു എന്നും, അവരെ ഈ ഭാരതം കാമുകിയായി കണ്ടു, ഭാര്യയായി കണ്ടു, അമ്മയായി കണ്ടു, സഹോദരിയായി കണ്ടു എന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അവരെ നേതാവായി കണ്ടെന്നും എന്നാൽ, ഭാരതത്തെ അവർ അപമാനിച്ചെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു.

വന്ദേമാതരം മുസ്ലീങ്ങൾക്ക് എതിരാണെന്ന് പറയുന്നത് അസംബന്ധമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പരിശുദ്ധ ഖുറാൻ മനപാഠമാക്കിയ അബ്ദുൽ കലാം ആസാദ് പാടിനടന്ന പാട്ടാണിത് എന്നും, ദേശസ്‌നേഹം ഈമാന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരാണ് തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഈമാൻ കാര്യത്തിൽ ആറെണ്ണത്തിൽ ഒന്ന് എല്ലാ പ്രവാചകൻമാരെയും ബഹുമാനിക്കണം എന്നാണ് എന്നും, ശ്രീരാമനും ശ്രീകൃഷ്ണനും ദുർഗയും ലക്ഷ്മിയും എല്ലാം പ്രവാചക ഗുരുപരമ്പരയിൽപ്പെട്ടവരാണ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, വന്ദേമാതരം മുസ്ലിങ്ങളുടെ ഏകദൈവ വിശ്വാസത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം കണ്ട യുവരാഷ്ട്രീയ നേതാക്കളിൽ ഏറ്റവും വലിയ അഴിമതിക്കാരനാണ് മുൻ മന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു. തലയിൽ പൊങ്ങാത്ത പൊതുമരാമത്തും ടൂറിസം വകുപ്പും മരുമകന് പിണറായി വിജയൻ നൽകിയത് കക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

**English Summary:**

BJP leader AP Abdullakutty, speaking at a Vande Mataram event organized by BJP Kozhikode district committee, supported singing Vande Mataram and criticized Congress and Muslim League. He said those who refused to sing Vande Mataram after Jinnah's partition went to Pakistan, and Muslims living here including him are nationalist Muslims. He alleged Congress spreads that Vande Mataram is against Muslim faith and follows Jinnah's divisive approach, and made remarks against Sonia Gandhi and MLA Mohammed Riyas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379496/ap-abdullakutty-supports-vande-mataram-slams-congress-league-kozhikode)