---
title: "അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവം; എംപിയുടെ മകനെതിരെ കേസ്, അറസ്റ്റ് ചെയ്യാതെ പൊലീസ്"
english_title: "Woman Dies In Speeding Car Accident, Case Against MP Son But No Arrest Yet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379484/speeding-car-kills-woman-case-against-mp-son-no-arrest"
published_at: "2026-08-21T15:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88243c291cc_speeding-car-kills-woman-case-against-mp-son-no-arrest.jpg"
keywords: ["Road Accident", "Women Death", "Police Case"]
---

# അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവം; എംപിയുടെ മകനെതിരെ കേസ്, അറസ്റ്റ് ചെയ്യാതെ പൊലീസ്

> **Lead Summary:** അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ എംപി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസ് എടുത്തു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

## Article Content

അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ എംപി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസ് എടുത്തു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

ഭാരതി മുഖി എന്ന ഇരുപത്തിയാറുകാരിയാണ് അപകടത്തിൽ മരിച്ചത്. ഇൻഓർബിറ്റ് മാളിലെ ലൈഫ്‌സ്റ്റൈൽ വസ്ത്രശാലയിലെ ജോലിക്കാരിയായിരുന്നു യുവതി. അമിതവേഗതയിലും അശ്രദ്ധമായും കാർ ഓടിച്ചുവെന്നാണ് സഞ്ജുഷിനെതിരെയുള്ള കേസ്.

ഇയാൾ തന്നെയാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ ജാമ്യം ലഭിക്കാവുന്നതും പരമാവധി ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് പൊലീസ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭാരതിയെ അമിതവേഗതയിലെത്തിയ ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഭാരതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതോടെ അതേ കാറിൽ തന്നെ യുവതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഞ്ജുഷിന്റെ അറസ്റ്റ് നീളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

**English Summary:**

A case has been filed against MP Lingamaneni Ramesh's son Lingamaneni Sanjush after a 26-year-old woman, Bharathi Mukhi, died in a speeding car accident. Bharathi, an employee at a Lifestyle store in Inorbit Mall, was hit by an Aston Martin while crossing the road on Sunday, August 16. Police say Sanjush was driving the car rashly. He has not been arrested yet as the offence is bailable with less than 7 years punishment, and a notice has been issued, according to the Police Commissioner.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379484/speeding-car-kills-woman-case-against-mp-son-no-arrest)