---
title: "'താനുമായി ഏറെ സാമ്യം....,' കൂടത്തായി പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി; നടപടി ജോളി ജോസഫിന്റെ ഹർജിയിൽ "
english_title: "Court Bans Anali Web Series Based On Koodathayi Case On Jolly Joseph Plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379481/court-bans-anali-web-series-koodathayi-jolly-joseph-plea"
published_at: "2026-08-21T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a881e8173cfb_court-bans-anali-web-series-koodathayi-jolly-joseph-plea.jpg"
keywords: ["Koodathayi Case", "Jolly Joseph", "Anali Web Series", "Court Ban"]
---

# 'താനുമായി ഏറെ സാമ്യം....,' കൂടത്തായി പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി; നടപടി ജോളി ജോസഫിന്റെ ഹർജിയിൽ 

> **Lead Summary:** കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ 'അണലി' വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതി ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്.

## Article Content

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ 'അണലി' വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതി ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്.

വെബ് സീരിസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന ജോളി ജോസഫിന്റെ വാദം പരിഗണിച്ചാണ് കോടതി പ്രദർശനം വിലക്കിയത്.

സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രം ഹർജിക്കാരിയാണെന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് സീരിസിന്റെ തുടർനടപടികൾ അനിശ്ചിതത്വത്തിലായി.

ജോളി ജോസഫ് നൽകിയ ഹർജി മുൻസിഫ് കോടതി സെപ്റ്റംബർ ഒൻപതിന് വീണ്ടും പരിഗണിക്കും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില വിമൽ ആണെങ്കിലും ലിയോണ ലിഷോയ് ആണ് ജോളി ജോസഫിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

നേരത്തെ കൂടത്തായി കൊലക്കേസ് പ്രമേയമാക്കി നെറ്റ്ഫ്‌ളിക്സ് പുറത്തിറക്കിയ 'കറി ആന്റ് സയനൈഡ്' എന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

**English Summary:**

The Ernakulam Munsiff Court has banned the screening of 'Anali', a web series based on the Koodathayi murder case. The order came on a plea filed by accused Jolly Joseph, who argued the lead female character closely resembles her, causing personal difficulty. The court restrained releasing or streaming content identifying the petitioner. The next hearing is on September 9. The series stars Nikhila Vimal in the lead, with Leona Lishoy playing the character said to resemble Jolly Joseph.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379481/court-bans-anali-web-series-koodathayi-jolly-joseph-plea)