---
title: "സൈക്കിൾ വാങ്ങിത്തരാം, പരാതി പിൻവലിക്കണം; കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം, ശബ്ദരേഖ പുറത്ത്"
english_title: "Kozhikode Koduvalli Child Assault Case Accused Family Tries To Settle With Voice Message"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379475/koduvalli-child-assault-case-voice-message-settlement-attempt"
published_at: "2026-08-21T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85d3af09e61_kozhikode-koduvalli-12-year-old-tortured-cwc-order.jpg"
keywords: ["Koduvalli Child Abuse Case", "Juvenile Justice Act", "CWC"]
---

# സൈക്കിൾ വാങ്ങിത്തരാം, പരാതി പിൻവലിക്കണം; കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം, ശബ്ദരേഖ പുറത്ത്

> **Lead Summary:** **കോഴിക്കോട്: **കൊടുവള്ളിയിൽ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പരാതി ഒഴിവാക്കാൻ ശ്രമം. പ്രതികളുടെ കുടുംബം കുട്ടിയുടെ സഹോദരന് ശബ്ദ സന്ദേശം അയച്ചതാണ് പുറത്തുവന്നത്. ശബ്ദ സന്ദേശത്തിൽ എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും പറയുന്നുണ്ട്.

## Article Content

**കോഴിക്കോട്: **കൊടുവള്ളിയിൽ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പരാതി ഒഴിവാക്കാൻ ശ്രമം. പ്രതികളുടെ കുടുംബം കുട്ടിയുടെ സഹോദരന് ശബ്ദ സന്ദേശം അയച്ചതാണ് പുറത്തുവന്നത്. ശബ്ദ സന്ദേശത്തിൽ എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും പറയുന്നുണ്ട്.

പരാതി ഒഴിവാക്കിയാൽ സൈക്കിൾ വാങ്ങിനൽകാമെന്നും അല്ലെങ്കിൽ പൈസ കൊടുക്കാമെന്നും സന്ദേശത്തിലുണ്ട്. ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കൊടുവള്ളി സ്വദേശിയായ 12കാരനെ പിതാവിന്റെ ബന്ധുക്കൾ മർദ്ദിച്ചു. കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നുമാണ് കുട്ടിയുടെ പരാതി.

വാച്ച് കാണാതായതിൽ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.കൈകാലുകൾ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി പതിനൊന്നോടെ കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെട്ടു. ഇത് കണ്ട വഴിയാത്രക്കാരൻ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തി. സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ കുടുംബവും ആരോപണമുന്നയിച്ചു. കുട്ടി അന്ന് രാത്രി തന്നെ പൊലീസിന്റെ അടുത്തെത്തി പരിക്കുകൾ കാണിച്ചെങ്കിലും കേസെടുക്കാതെ തിരിച്ചയച്ചതാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു.

എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശിശുക്ഷേമ സമിതി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. എന്നാൽ പരാതി ഇല്ലെന്ന് കുടുംബം പറഞ്ഞതുകൊണ്ടാണ് ആദ്യം കേസെടുക്കാതിരുന്നതെന്നാണ് കൊടുവള്ളി പൊലീസിന്റെ വാദം.

കുട്ടിയുടെ പിതൃ സഹോദരൻ റസാഖ്, ഭാര്യ സീനത്ത്, മകൻ ഉവൈസ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വെച്ചു എന്നിവയുൾപ്പെടെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയെ സിഡബ്ല്യുസി താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

**English Summary**

In the Koduvalli child assault case, the accused's family allegedly tried to settle the matter by sending a voice message to the victim's brother, offering a bicycle or money if the complaint was withdrawn. The incident occurred on August 6, when a 12-year-old boy from Kozhikode was allegedly assaulted by relatives including his paternal uncle Razak, Razak's wife Seenath and son Uvais, over a missing watch. The boy escaped and was taken to police. The family alleged police delayed registering a case. Police said no complaint was filed initially. A case under the Juvenile Justice Act was later registered after CWC intervention. The accused are absconding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379475/koduvalli-child-assault-case-voice-message-settlement-attempt)