---
title: "തളരില്ല, വീണ്ടും വേദിയിലെത്തും!  'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും, സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും - ഡിവൈഎഫ്‌ഐ"
english_title: "DYFI To Stage MISA Play Again Legal Action Against Those Spreading Edited Videos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379444/dyfi-misa-play-again-legal-action-edited-videos"
published_at: "2026-08-21T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87ee65cc44a_dyfi-misa-play-again-legal-action-edited-videos.jpg"
keywords: ["Misa Nadakam", "DYFI", "MISA Play", "Snehaltha Reddy", "VK Sanoj"]
---

# തളരില്ല, വീണ്ടും വേദിയിലെത്തും!  'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും, സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും - ഡിവൈഎഫ്‌ഐ

> **Lead Summary:** **തിരുവനന്തപുരം: **ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. നാടകത്തിന്റെ പേരിൽ സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. നാടകത്തിന്റെ പേരിൽ സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് 'മിസ' നാടകം. നാടകത്തിലെ ഒരു ഭാഗം മാത്രം തെരഞ്ഞുപിടിച്ച് വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. നാടകത്തിലെ രംഗങ്ങൾക്ക് മറ്റ് പാട്ടുകൾ ചേർത്തും മനോവൈകൃതത്തിനനുസരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. 'എന്ത് തോന്നിവാസവും വിളിച്ച് പറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. വി ഡി സതീശന്റെ എംഡിഎംഎ ലഹരി മാഫിയ സംഘമാണോ ഈ വൃത്തികെട്ട പ്രചരണം നടത്തുന്നത്' എന്നും ഡിവൈഎഫ്ഐ ചോദിച്ചു.

ബിജെപിയുടെ കാസർകോട് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നതായും ചരിത്ര വിരോധത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും ഐക്യപ്പെടുകയാണെന്നും സംഘടന വിമർശിച്ചു. നാടകത്തിനെതിരെ ഉയരുന്ന സദാചാര ആക്രമണത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യുവും രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മിസ നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്നും അത് മനസ്സിലാക്കാത്ത കപട സദാചാരവാദികളാണ് ബഹളമുണ്ടാക്കുന്നതെന്നും കുറിച്ചു. 'ലൈംഗിക വിഷാദം അനുഭവിക്കുന്നവരാണ് നാടകത്തെ സമഗ്രതയിൽ ആസ്വദിക്കാൻ കഴിയാതെ വിമർശിക്കുന്നത്.

കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി ശില്പം കണ്ട് നെറ്റിചുളിച്ചവർക്ക് ഇപ്പോഴും ബസ് കിട്ടിയിട്ടില്ല' എന്നും ജോയ് മാത്യു പരിഹസിച്ചു. നേരത്തെ നാടകത്തിനെതിരായ പ്രചാരണത്തിൽ മട്ടന്നൂർ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി കെ സനോജ് രൂക്ഷമായി പ്രതികരിച്ചിരുന്നു.

കോട്ടയം സർവകലാശാല കലോത്സവത്തിൽ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് നിലപാട് സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സനോജിന്റെ വിമർശനം. നാളെ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

**English Summary**

> DYFI has announced that its play 'MISA', based on the life of Snehaltha Reddy, will be staged again at a public meeting. The organization said it will take legal action against those spreading edited clips from the play to defame them. DYFI alleged that Congress, BJP and League workers are circulating distorted videos with different music. Actor Joy Mathew came out in support, criticizing "pseudo moralists" for targeting the play. DYFI state secretary VK Sanoj also hit out at the opposition, recalling past protests against Nandana Reddy at a university event. The controversy erupted after a segment of the play was widely shared online.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379444/dyfi-misa-play-again-legal-action-edited-videos)