---
title: "റിപ്പോർട്ടർ കമ്പനിയെ എങ്ങനെ സ്പോൺസറായി? അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്"
english_title: "Argentina Team GST Fraud Case Kerala Govt Orders Full Probe SIT May Be Formed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379412/argentina-team-gst-fraud-kerala-govt-probe"
published_at: "2026-08-21T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87bcd3aa0a5_argentina-team-gst-fraud-kerala-govt-probe.jpg"
keywords: ["Messi Controversy", "Argentina Team GST Fraud", "Vigilance", "SIT", "Sports Department"]
---

# റിപ്പോർട്ടർ കമ്പനിയെ എങ്ങനെ സ്പോൺസറായി? അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്

> **Lead Summary:** **തിരുവനന്തപുരം: **അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ജിഎസ്ടി വെട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും.

## Article Content

**തിരുവനന്തപുരം: **അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ജിഎസ്ടി വെട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും.

കേസിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ മാത്രം ഒതുക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. കായിക വകുപ്പിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം എസ്ഐടി വഴി അന്വേഷണം നടത്തണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അന്വേഷണത്തിന്റെ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകാനും ആലോചിക്കുന്നുണ്ട്. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെയാണെന്നത്, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതിന്റെ കാരണം, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ് എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരും.

കൂടാതെ സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ അനുമതിയും ഉത്തരവുകളും നൽകിയതിന്റെ പിന്നിലെ സാഹചര്യങ്ങളും പരിശോധിക്കും. മെസ്സിയെ കൊണ്ടുവരും എന്ന പേരിൽ നടത്തിയ വിദേശ സന്ദർശനം, ഒപ്പുവെച്ച കരാറുകൾ, അതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം അന്വേഷണ സംഘത്തിന് നൽകണമെന്നാണ് നിർദേശം.

വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിലേക്ക് സർക്കാർ നീങ്ങുന്നത്.

സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കും സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഉറപ്പാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കും.

**English Summary**

The Kerala government has decided to conduct a comprehensive probe into the alleged GST fraud linked to bringing the Argentina football team to the state. The Sports Department's investigation report will be submitted to the Chief Minister soon. Considering the serious findings, the government is not limiting it to a departmental inquiry. The Chief Minister favours an SIT probe involving vigilance officers, led by a senior official. The probe will cover selection of the sponsor company, financial transactions, fund sources, stadium transfer, foreign visits in the name of bringing Messi, contracts, and all government records and bank transactions. The state may also seek a central agency probe into foreign fund transfers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379412/argentina-team-gst-fraud-kerala-govt-probe)