---
title: "വീണയ്ക്കെതിരായ ഇഡി നീക്കം രാഷ്‌ട്രീയ പകപോക്കൽ; ബിജെപിയുടെ ഫണ്ട് തിരിമറിയിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്?: ജോൺ ബ്രിട്ടാസ് എംപി"
english_title: "John Brittas Criticises ED Probe Against Veena Vijayan, ED Finds 20 Crore Entries In Diary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379390/ed-probe-veena-vijayan-exalogic-cmrwl-john-brittas"
published_at: "2026-08-20T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b043322c59_john-brittas-slams-removal-anti-government-news-social-media.jpg"
keywords: ["Masappadi Case", "Veena Vijayan", "ED", "Exalogic-CMRL Case", "John Brittas"]
---

# വീണയ്ക്കെതിരായ ഇഡി നീക്കം രാഷ്‌ട്രീയ പകപോക്കൽ; ബിജെപിയുടെ ഫണ്ട് തിരിമറിയിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്?: ജോൺ ബ്രിട്ടാസ് എംപി

> **Lead Summary:** **ന്യൂഡല്‍ഹി: **വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. വീണയ്‌ക്കെതിരായ ഇ ഡി അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

## Article Content

**ന്യൂഡല്‍ഹി: **വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. വീണയ്‌ക്കെതിരായ ഇ ഡി അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിൽ ഇ ഡി അന്വേഷണം നടന്നോയെന്നും അദ്ദേഹം ചോദിച്ചു. സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൊടുത്തു. അതില്‍ അന്വേഷണം നടന്നോ. മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

പി എം കെയേഴ്‌സ് ഫണ്ട് ചെലവഴിച്ചതിലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചെലവഴിച്ച സമയവും തമ്മില്‍ സാമ്യം ഉണ്ടെന്നും എം പി പരിഹസിച്ചു. 0.02% ആണ് ആ സമയമെന്നും അദ്ദേഹം പറഞ്ഞു. പി എം കെയേഴ്‌സ് ഫണ്ട് പ്രൈവറ്റ് ഫണ്ട് ആണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുതന്നെ വലിയ അട്ടിമറിയും കുംഭകോണവുമാണ്. ഫണ്ടില്‍ സുതാര്യത ഉറപ്പാക്കണം. പാര്‍ലമെന്റിന്റെ സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കണം. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

ബജറ്റില്‍ ചെലവഴിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള അവലോകനം നടക്കുന്നില്ല. സെന്‍സസിന്റെ മറവില്‍ എൻപിആർ നടപ്പിക്കാന്‍ നോക്കുകയാണ്. നിരവധി ഉത്കണ്ഠാജനകമായ കാര്യങ്ങള്‍ ഈ സെന്‍സസില്‍ ഉണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

അതേസമയം, സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെയ് 27-ന് വീണയുടെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

വീണ 85 ലക്ഷം ദുബായിലേക്ക് കൈമാറിയതിന് പുറമേ 20 കോടിയുടെ കണക്കുകള്‍ ഡയറിയില്‍ ഉണ്ടെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. വീണയുടെ വിദേശ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ഫെമ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം.

പണം ആർക്ക് വേണ്ടി കൈമാറി എന്നതിലടക്കം വിശദമായ അന്വേഷണം ഉണ്ടാകും. റെയ്ഡിനിടെ വീണ ഉപയോഗിച്ച മറ്റൊരാളുടെ പേരിലെ സിംകാർഡിന്റെ ഫോട്ടോയും ഇ ഡിക്ക് ലഭിച്ചിരുന്നു. സിം എടുത്തു നൽകിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ നേതാവ് നന്ദുലാൽ ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

2024 മുതൽ ഇന്റർനെറ്റ് കോൾ ചെയ്യാൻ വേണ്ടിയാണ് വീണ ഈ സിം ഉപയോഗിച്ചിരുന്നതെന്നാണ് ഇ ഡിയുടെ നിഗമനം. മുഹമ്മദ് റിയാസും വീണയും പറഞ്ഞതനുസരിച്ചാണ് സിം നൽകിയതെന്നും ഇത് ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നുമാണ് നന്ദുലാൽ നൽകിയ മൊഴി.

അതിനിടെ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2021 ൽ റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീണ, പരസ്യ കമ്പനിയായ സൊലസിന് പണം കൈമാറിയിരുന്നു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണമാണോ സൊലസ് കമ്പനിക്ക് കൈമാറി എന്നതിൽ ഇ ഡി വ്യക്തത വരുത്തും.

**English Summary**

CPI(M) MP John Brittas criticised the ED's move to question Veena Vijayan, MD of Exalogic and daughter of Opposition Leader Pinarayi Vijayan, in a foreign remittance case, calling it political vendetta. He also questioned why the ED had not probed alleged BJP fund irregularities and CMRL payments to other leaders. Meanwhile, the ED said it found records of Rs 85 lakh remitted to Dubai and entries of Rs 20 crore in a diary seized from Veena's rented house on May 27, and is considering a FEMA case. The probe has also expanded to former minister Muhammad Riyas' 2021 election funds.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379390/ed-probe-veena-vijayan-exalogic-cmrwl-john-brittas)