---
title: "'അമ്മയും അപ്പയും ക്ഷമിക്കണം, അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും'; നീറ്റ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ"
english_title: "19 Year Old NEET Aspirant Suraj Shinde Found Dead In Maharashtra Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379383/maharashtra-neet-student-suraj-shinde-dies"
published_at: "2026-08-20T20:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a871bd89eea3_maharashtra-neet-student-suraj-shinde-dies.jpg"
keywords: ["Student Suicide", "NEET", "Suraj Shinde", "Exam Pressure", "Child Death"]
---

# 'അമ്മയും അപ്പയും ക്ഷമിക്കണം, അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും'; നീറ്റ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **മഹാരാഷ്ട്ര: **മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനായി തയ്യാറെടുക്കുകയായിരുന്ന 19കാരൻ വിദ്യാർഥി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ഖണ്ഡാല സ്വദേശി സൂരജ് സുഭാഷ് ഷിൻഡെയാണ് മരിച്ചത്.

## Article Content

**മഹാരാഷ്ട്ര: **മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനായി തയ്യാറെടുക്കുകയായിരുന്ന 19കാരൻ വിദ്യാർഥി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ഖണ്ഡാല സ്വദേശി സൂരജ് സുഭാഷ് ഷിൻഡെയാണ് മരിച്ചത്.

വീട്ടിലെ മുകളിലത്തെ നിലയിലുള്ള പഠനമുറിയിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൂരജിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മുകളിലെ മുറിയിൽ പരിശോധന നടത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

> സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറിപ്പിൽ "അമ്മയും അപ്പയും ക്ഷമിക്കണം... അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും. നിങ്ങൾ സ്വയം ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം" എന്ന് എഴുതിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

പഠനവും ഭാവിയും സംബന്ധിച്ച കടുത്ത മാനസിക സമ്മർദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വൈജാപൂർ പൊലീസ് ആകസ്മിക മരണത്തിന് റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രവേശന പരീക്ഷകളിലൊന്നാണ് നീറ്റ്-യുജി. മെഡിക്കൽ പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് വർഷങ്ങളോളം നീളുന്ന തയ്യാറെടുപ്പും കടുത്ത മത്സരവും പരീക്ഷാഫലത്തെക്കുറിച്ചുള്ള സമ്മർദവും വലിയ മാനസിക ഭാരമായി മാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2026ലെ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാ പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കുകയും പിന്നീട് പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പരീക്ഷാ സംവിധാനത്തെക്കുറിച്ചും വിദ്യാർഥികളുടെ സമ്മർദത്തെക്കുറിച്ചും രാജ്യവ്യാപകമായി ചർച്ചകൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാധാകൃഷ്ണൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

പരീക്ഷാ പ്രക്രിയ, ഡാറ്റാ സുരക്ഷ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ സമിതി പരിഗണിച്ചു.ഇതിന് പുറമെ മത്സര പരീക്ഷകളുടെ ഘടനാപരമായ പരിഷ്കാരങ്ങൾക്കായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണിയുടെ നേതൃത്വത്തിലുള്ള ഉന്നതല ടാസ്ക് ഫോഴ്സിനെയും സർക്കാർ രൂപീകരിച്ചിരുന്നു.

നീറ്റ് നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.സൂരജിന്റെ മരണം വീണ്ടും ഉയർത്തുന്നത് പരീക്ഷാഫലവും മെഡിക്കൽ പ്രവേശനവും ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ മുഴുവൻ വിജയപരാജയമായി കാണുന്ന പ്രവണതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.

**ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
**

**English Summary**

A 19-year-old NEET aspirant, Suraj Subhash Shinde from Khandala in Chhatrapati Sambhajinagar district, Maharashtra, was found dead in his study room. Family members reportedly found a note saying he would become a doctor for them in the next life and asking them to stay happy. Police suspect academic stress and have registered an accidental death report while investigating. The incident comes amid nationwide debates over NEET-UG 2026 paper leak allegations and reforms, including the Radhakrishnan Committee and a task force led by Nandan Nilekani. The case has again highlighted concerns over exam pressure on students.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379383/maharashtra-neet-student-suraj-shinde-dies)