---
title: "ഹോംവർക്ക് എഴുതിയില്ല; ടീച്ചറുടെ മർദ്ദനത്തിന് പിന്നാലെ ഒന്നാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "6 Year Old Boy Dies After Alleged Beating By Teacher In Visakhapatnam School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379378/visakhapatnam-school-boy-dies-alleged-teacher-assault"
published_at: "2026-08-20T19:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87110cd1d7c_visakhapatnam-school-boy-dies-alleged-teacher-assault.jpg"
keywords: ["Student Assault", "Little Garden School", "Child Death", "Teacher Assault Case"]
---

# ഹോംവർക്ക് എഴുതിയില്ല; ടീച്ചറുടെ മർദ്ദനത്തിന് പിന്നാലെ ഒന്നാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **അമരാവതി: **ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചതായി പരാതി. വിശാഖപട്ടണത്തെ വൺടൗൺ ഏരിയയിലുള്ള 'ലിറ്റിൽ ഗാർഡൻ' സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്.

## Article Content

**അമരാവതി: **ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചതായി പരാതി. വിശാഖപട്ടണത്തെ വൺടൗൺ ഏരിയയിലുള്ള 'ലിറ്റിൽ ഗാർഡൻ' സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്.

അധ്യാപിക വടികൊണ്ട് അടിച്ചതിനെത്തുടർന്ന് കുട്ടി ക്ലാസ് മുറിയിൽ വച്ച് അവശനിലയിലായതായി കുടുംബം ആരോപിക്കുന്നു. ഉടൻ തന്നെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

> വിവരമറിഞ്ഞ് നിരവധി ബന്ധുക്കൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പൂർണ ആരോഗ്യവാനായാണ് മകൻ സ്കൂളിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു. "രാവിലെ എട്ടുമണിയോടെ എഴുന്നേറ്റ മകൻ താത്പര്യമെടുത്താണ് സ്കൂളിലേക്ക് പോയത്.

> പരീക്ഷകൾ അടുത്തുവരുന്നതിനാൽ ഞങ്ങൾ അവനെ സ്കൂളിലേക്ക് അയച്ചു. സ്കൂളിലേക്ക് ഇറങ്ങുമ്പോൾ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും അവനുണ്ടായിരുന്നില്ല" എന്ന് പിതാവ് വ്യക്തമാക്കി. എന്നാൽ ഉച്ചയോടെയാണ് കുട്ടിക്ക് എന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. സ്കൂൾ അധികൃതരായിരുന്നില്ല വിവരം അറിയിച്ചതെന്നും, സമീപത്ത് ജോലി ചെയ്യുന്ന പാചകക്കാരനാണ് വിവരം വിളിച്ചറിയിച്ചതെന്നും പിതാവ് ആരോപിച്ചു.

തങ്ങൾ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.തുടർന്ന് സ്കൂളിലെത്തി പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ വടിയെടുത്ത് അടിക്കുന്നതും ഭയപ്പെടുത്തുന്നതും കണ്ടതായി കുടുംബം പറയുന്നു. ഭയവും ഞെട്ടലും മൂലമാണ് കുട്ടി കുഴഞ്ഞുവീണതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ പനിയോ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിന് തലേദിവസം രാത്രിയും രാവിലെയും കുട്ടി സന്തോഷത്തോടെ കളിച്ചുചിരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

സ്കൂളിൽ മറ്റ് കുട്ടികളെയും അധ്യാപിക സമാനമായി മർദിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു.വിവരമറിഞ്ഞ് ആർഡിഒ ദിലീപ് ചക്രവർത്തി ആശുപത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് പൂർണ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

**English Summary**

A 6-year-old Class 1 student, Pranay Teja, allegedly died after collapsing in class at 'Little Garden' School in Visakhapatnam's One Town area. The family alleged the child was beaten with a stick by a teacher for not completing homework. He was taken to King George Hospital but was declared dead. Police have launched an investigation and said the exact cause of death will be known after postmortem. The father claimed CCTV showed the teacher beating the child, and that the child had no prior health issues. RDO Dileep Chakravarti visited the hospital and said details were being collected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379378/visakhapatnam-school-boy-dies-alleged-teacher-assault)