---
title: "ഓപ്പറേഷൻ തൂഫാൻ തൂക്കി...! ഇരുപത് ലക്ഷത്തിന്റെ ഹെറോയിൻ ഉപേക്ഷിച്ച് മുങ്ങി; അസം സ്വദേശിയെ ആലുവയിൽ പൊക്കിയത് സിസിടിവിയിലൂടെ"
english_title: "Heroin Seized Aluva Police Assam Native Arrested Operation Toofa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379358/heroin-seized-assam-native-arrested-aluva-operation-toofan"
published_at: "2026-08-20T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86e3423b39a_heroin-seized-assam-native-arrested-aluva-operation-toofan.jpg"
keywords: ["Heroin Seized", "Assam Native", "Operation Toofan", "Drug Arrest"]
---

# ഓപ്പറേഷൻ തൂഫാൻ തൂക്കി...! ഇരുപത് ലക്ഷത്തിന്റെ ഹെറോയിൻ ഉപേക്ഷിച്ച് മുങ്ങി; അസം സ്വദേശിയെ ആലുവയിൽ പൊക്കിയത് സിസിടിവിയിലൂടെ

> **Lead Summary:** **കൊച്ചി: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലുവയിൽ നടന്ന പോലീസ് പരിശോധനയ്ക്കിടെ 20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് സാഹസികമായി പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം ആണ് ആലുവ പോലീസിന്റെ പിടിയിലായത്.

## Article Content

**കൊച്ചി: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലുവയിൽ നടന്ന പോലീസ് പരിശോധനയ്ക്കിടെ 20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് സാഹസികമായി പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം ആണ് ആലുവ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടാം തീയതി അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയതായിരുന്നു ഇയാൾ. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സൈദുൽ, 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് അന്ന് രാത്രി തന്നെ ട്രെയിനിൽ തിരികെ അസമിലേക്ക് കടന്നു കളഞ്ഞു.

എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ കരിമുകൾ ഭാഗത്ത് തിരികെ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു.

അസമിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു, എഎസ്ഐമാരായ കെഎ നൗഷാദ്, സിഎ നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പിഎസ് സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Aluva police arrested an Assam native who abandoned a bag containing heroin after learning about Operation Toofan checking. Saidul Islam (26) from Nagaon, Assam, had arrived by train on the 8th and left behind 87 grams of heroin worth Rs 20 lakh near the railway station before fleeing back to Assam. He was identified through scientific investigation including CCTV and arrested when he returned to Karimal area. Police said he was smuggling drugs from Assam for sale among migrant workers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379358/heroin-seized-assam-native-arrested-aluva-operation-toofan)