---
title: "'രാഷ്ട്രീയം വേറെ, ബിസിനസ് വേറെ, സിപിഐക്ക് അതിൽ താൽപ്പര്യമില്ല'- സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ പ്രതികരിച്ച് ബിനോയ് വിശ്വം"
english_title: "MRL-Exalogic Case: CPI Distances Itself, CPM To Hold Political Meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379326/cmrl-exalogic-case-cpi-response-cpm-political-meeting"
published_at: "2026-08-20T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86b26c77176_cmrl-exalogic-case-cpi-response-cpm-political-meeting.jpg"
keywords: ["Masappadi Case", "CMRL-Exalogic Case", "Binoy Vishwam", "Veena T", "ED"]
---

# 'രാഷ്ട്രീയം വേറെ, ബിസിനസ് വേറെ, സിപിഐക്ക് അതിൽ താൽപ്പര്യമില്ല'- സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ പ്രതികരിച്ച് ബിനോയ് വിശ്വം

> **Lead Summary:** കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ ഇഡി റെയ്ഡില്‍ സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിനിടെ കേസില്‍ നിന്ന് അകലം പാലിക്കുകയാണ് സിപിഐ. രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

## Article Content

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ ഇഡി റെയ്ഡില്‍ സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിനിടെ കേസില്‍ നിന്ന് അകലം പാലിക്കുകയാണ് സിപിഐ. രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

'ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു പങ്കും സിപിഐക്കില്ല. ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ. ബിസിനസ് വേറെ' എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയം വേറെയും ബിസിനസ് വേറെയുമാണെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചു. അതേസമയം ഇഡി റെയ്ഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിനൊരുങ്ങുകയാണ് സിപിഐഎം.

23ന് കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കും .ഇന്നലെ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു.

തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനത്തിലെത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഇഡിയുടെ നീക്കം.

ദുബായിലേക്ക് 85 ലക്ഷം കൈമാറിയതില്‍ ഫെമ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. വിദേശ പണമിടപാടുകളിലെ ചോദ്യം ചെയ്യലിന് വീണയ്ക്ക് ഉടന്‍ സമന്‍സ് നല്‍കുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി വീണ ഇന്റര്‍നെറ്റ് കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച സിം കാര്‍ഡ് മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവ് നന്ദു ലാല്‍ എടുത്ത് നല്‍കിയതാണെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ഇതിന് പുറമെ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

**English Summary:**

Amid ED raids in the CMRL-Exalogic financial deal case, CPI State Secretary Binoy Viswam said CPI has no role in the transactions and that politics and business are separate. Meanwhile, CPM will hold a political explanation meeting in Kozhikode on the 23rd, attended by MV Govindan. ED is reportedly planning to register a FEMA case against Veena T for transferring Rs 85 lakh to Dubai and has linked a SIM card used by her to DYFI leader Nandu Lal. The probe has also expanded to Muhammad Riyas's election fund.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379326/cmrl-exalogic-case-cpi-response-cpm-political-meeting)