---
title: "മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി"
english_title: "Muttil Timber Scam: High Court Dismisses Plea By Augustine Brothers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379320/muttil-timber-scam-high-court-dismisses-plea-augustine-brothers"
published_at: "2026-08-20T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ab55232af_muttil-timber-scam-high-court-dismisses-plea-augustine-brothers.jpg"
keywords: ["Muttil Tree Felling Case", "Roji Augustine", "Anto Augustine", "Josukutty Augustine"]
---

# മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

> **Lead Summary:** കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ നടപടികൾ നീട്ടിവെക്കണമെന്ന ആവശ്യവുമായി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

## Article Content

കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ നടപടികൾ നീട്ടിവെക്കണമെന്ന ആവശ്യവുമായി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ഈ ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വയനാട് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന കേസിൽ തീരുമാനമുണ്ടാകുന്നതുവരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണനടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ കേസിൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതായിരുന്നു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയെന്നാണ് കേസ്.

ഇത്തരത്തിൽ 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്നാണ് അമ്പലമേട് പോലീസ് കേസെടുത്തത്. കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാറാണ് പരാതി നൽകിയത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് നിലവിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. വനഭൂമിയിൽനിന്നുള്ള മരംമുറി സംബന്ധിച്ച് വേറൊരു കേസിൽ തീരുമാനമാകുന്നതുവരെ ഈ വിചാരണ നീട്ടണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഹൈക്കോടതി ഹർജി തള്ളിയതോടെ ഇന്ന് ചോറ്റാനിക്കര കോടതിയിൽ നിശ്ചയിച്ചിട്ടുള്ള വിചാരണ നടപടികൾ തുടരും. പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്. കേസിലെ തുടർനടപടികൾ വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

**English Summary:**

The Kerala High Court dismissed a plea by the Augustine brothers seeking to postpone trial proceedings in the Muthil timber fraud case. The court directed them to raise the request before the trial court in Chottanikkara. The case relates to the alleged sale of illegally felled timber from Meppadi forest range in Wayanad, with a complaint of Rs 1.40 crore fraud filed by MM Aliyar of Karimughal Malabar Timbers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379320/muttil-timber-scam-high-court-dismisses-plea-augustine-brothers)