---
title: "മാതൃസ്നേഹം മറന്ന് ക്രൂരത...! ട്രാക്കിന് സമീപം വീൽചെയർ, സിസിടിവി പരിശോധിച്ചപ്പോൾ കൊലപാതകം തെളിഞ്ഞു, അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ"
english_title: "Son Pushes 71-Year-Old Mother Onto Railway Track In Chennai, Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379307/chennai-son-kills-mother-railway-track-thiruvallur"
published_at: "2026-08-20T11:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a869b635b780_chennai-son-kills-mother-railway-track-thiruvallur.jpg"
keywords: ["Murder", "Railway Accident", "Chennai Crime"]
---

# മാതൃസ്നേഹം മറന്ന് ക്രൂരത...! ട്രാക്കിന് സമീപം വീൽചെയർ, സിസിടിവി പരിശോധിച്ചപ്പോൾ കൊലപാതകം തെളിഞ്ഞു, അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ

> **Lead Summary:** ചെന്നൈ: അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപമാണ് ക്രൂരകൊലപാതകം നടന്നത്.

## Article Content

ചെന്നൈ: അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപമാണ് ക്രൂരകൊലപാതകം നടന്നത്.

ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരനായ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊന്നതെന്ന് പൊലീസ് പറയുന്നു. വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

ട്രാക്കിനു സമീപം വീൽചെയർ കണ്ടെത്തിയതോടെയാണ് സംശയം തോന്നിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകം എന്ന് വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.

അമ്മയെയും ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും പരിചരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ കടുംകൈക്ക് മുതിർന്നെന്നാണ് 44കാരൻ പൊലീസിന് മൊഴി നൽകിയത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.

യേലഗിരി എക്സ്പ്രസിന് മുന്നിലേക്കാണ് 71കാരിയെ മകൻ തള്ളിയിട്ടത്. ശരീരത്തിൽ ആകെ തടിപ്പ് വ്യാപിക്കുന്ന ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമായിരുന്നു 71കാരിക്ക്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു ഇവരുടെ ഭർത്താവ്.

ഇയാൾ 2007ലാണ് മരണപ്പെട്ടത്. 71കാരിക്ക് മാസം തോറും 15000 രൂപ പെൻഷൻ ലഭിച്ചിരുന്നു. മൂന്ന് ആൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഭാര്യയിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും അമ്മയെയും പരിചരിച്ചിരുന്നത്.

12000 രൂപ മാസ ശമ്പളത്തിനായിരുന്നു യുവാവ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത്. കടുത്ത മദ്യപാനിയായിരുന്ന പാർത്ഥസാരഥി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**English Summary:**

In Thiruvallur near Chennai, a 44-year-old contract worker Parthasarathi allegedly pushed his 71-year-old mother Padmavathi in a wheelchair onto railway tracks in front of the Yelagiri Express. Police said the crime came to light after a wheelchair was found near the track and CCTV footage was checked. The accused told police he was struggling to care for his ailing mother and differently-abled brother. The victim suffered from neurofibromatosis and received a pension of Rs 15,000.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379307/chennai-son-kills-mother-railway-track-thiruvallur)