---
title: " ഗുരുവിന്റെ പ്രാണനെടുത്തു...! സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പത്താംക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ, ശരീരത്തിൽ കണ്ടത് 27 മുറിവുകൾ"
english_title: "Two Class 10 Students Arrested For Murder Of Telangana School Principal Rupa Reddy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379300/telangana-nalgonda-school-principal-murder-students-arrested"
published_at: "2026-08-20T11:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8691fc146b7_telangana-nalgonda-school-principal-murder-students-arrested.jpg"
keywords: ["Murder", "School Principal Murder", "Crime News", "Student Arrest"]
---

#  ഗുരുവിന്റെ പ്രാണനെടുത്തു...! സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പത്താംക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ, ശരീരത്തിൽ കണ്ടത് 27 മുറിവുകൾ

> **Lead Summary:** ഹൈദരാബാദ്: തെലങ്കാനയിൽ നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊണ്ടമല്ലേപ്പള്ളി നാഗാ‌ർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി ​ ആണ് കൊല്പപ്പെട്ടത്.

## Article Content

ഹൈദരാബാദ്: തെലങ്കാനയിൽ നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊണ്ടമല്ലേപ്പള്ളി നാഗാ‌ർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി ​ ആണ് കൊല്പപ്പെട്ടത്.

സംഭവത്തിൽ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിൻസിപ്പലിന്റെ വീട്ടിൽ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭ‍ർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു.

അമ്മായിയമ്മയുമായി രൂപ സംസാരിച്ച അവസാന ഫോൺ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംസാരിക്കുന്നതിനിടെ രൂപ 'ബാബു' എന്നുവിളിച്ചിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

സാധാരണ രൂപ സ്കൂളിലെ വിദ്യാർത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അദ്ധ്യാപികയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന സ്കൂളിലെ വിദ്യാ‌ർത്ഥികളെയും ജീവനക്കാരെയും ചോദ്യംചെയ്തു.

ഇതിനിടെയാണ് പത്താംക്ലാസിലെ രണ്ടുവിദ്യാ‌ർത്ഥികൾ പാർട്ടിയും മറ്റും നടത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ഇവരിൽ നിന്നും 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കൾ നൽകിയതാണെന്ന് വിദ്യാർത്ഥികൾ മൊഴി നൽകിയെങ്കിലും ഫോറൻസിക് പരിശോധനയിൽ നോട്ടുകളിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികൾ പിടിയിലായത്.

വിദ്യാർത്ഥികളിൽ ഒരാളിൽനിന്ന് നേരത്തെ പ്രിൻസിപ്പലും സ്കൂൾ ജീവനക്കാരും മൊബൈൽ ഫോണും പണവും കണ്ടെത്തിയിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്ന് മാറ്റാൻ പ്രിൻസിപ്പൽ തീരുമാനിക്കുകയും വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതാണ് പ്രിൻസിപ്പലിനെ ലക്ഷ്യമിടാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. അഞ്ചുദിവസമായി വിദ്യാർത്ഥികൾ രൂപയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കത്തിയും ഗ്ലൗസും വാങ്ങിയ ഇവ‍ർ രൂപയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശവും നിരീക്ഷിച്ചു.

സിസിടിവി കാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് ഇവ‍ർ രൂപ റെഡ്ഡിയുടെ വീട്ടിലെത്തിയത്. ഒരാൾ വീടിന്റെ മതിൽചാടി അകത്തേക്ക് എത്തുകയും മറ്റൊരാൾ പുറത്ത് കാത്തിരിക്കുകയുമായിരുന്നു. വീട്ടിൽ കയറി പണം തെരയുന്നതിനിടെ വിദ്യാ‍ർത്ഥിയെ രൂപ കണ്ടു.

തന്നെ തിരിച്ചറിയുമെന്ന് ഭയന്നതോടെയാണ് പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴുക്കുചാലിലേയ്ക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു.

**English Summary:**

In Nalgonda, Telangana, school principal and director Rupa Reddy, 48, was found murdered with 27 stab wounds. Police arrested two Class 10 students. According to police, the murder happened during a burglary after the students feared being identified. They had been monitoring her for five days. Rs 1.51 lakh and an iPhone were recovered. The case was cracked after her last call where she used the word 'Babu', which she used for students.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379300/telangana-nalgonda-school-principal-murder-students-arrested)