---
title: " മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഇന്ന് ചോറ്റാനിക്കര കോടതിയിൽ ഹാജരാകും"
english_title: "Muttil Tree Felling Fraud Case: Augustin Brothers To Appear In Chottanikkara Court Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379287/muttil-tree-felling-fraud-case-augustin-brothers-to-appear-in-chottanikkara-court-today"
published_at: "2026-08-20T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0d19286b0_muttil-tree-felling-case-nbw-roji-augustin-brothers.jpg"
keywords: ["Muttil Tree Felling Case", "Roji Augustine", "Anto Augustine", "Josukutty Augustine"]
---

#  മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഇന്ന് ചോറ്റാനിക്കര കോടതിയിൽ ഹാജരാകും

> **Lead Summary:** കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോർട്ടർ ടിവി ഉടമകളുമായ അഗസ്റ്റിൻ സഹോദരങ്ങൾ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുക്കുട്ടി അഗസ്റ്റിൻ എന്നിവരാണ് വിചാരണ കോടതിയിൽ ഹാജരാവുക.

## Article Content

കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോർട്ടർ ടിവി ഉടമകളുമായ അഗസ്റ്റിൻ സഹോദരങ്ങൾ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുക്കുട്ടി അഗസ്റ്റിൻ എന്നിവരാണ് വിചാരണ കോടതിയിൽ ഹാജരാവുക.

പ്രതികൾ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും ഇവർ ഹൈക്കോടതിയെ സമീപിച്ച് സാവകാശം നേടിയിരുന്നു. പിന്നാലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, മരം മുറിയുമായി ബന്ധപ്പെട്ട് 2021ൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. മുട്ടിലിൽ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് അറിയിച്ച് അനധികൃതമായി മരം മുറിച്ച് അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിറ്റുവെന്നാണ് കേസിലെ ആരോപണം.

വിശ്വാസവഞ്ചന നടത്തി മരം വിറ്റുവെന്ന് ആരോപിച്ച് കമ്പനി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസെടുത്തതെന്ന് പൊലീസ് രേഖകളിൽ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.

മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രാഥമിക കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു .ഇതിന് പിന്നാലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകാത്തതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

ഇതേതുടർന്നാണ് ഇന്ന് ഹാജരാകാനുള്ള നിർദേശം. 2021ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നടപടികൾ നിലവിൽ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ്. കേസിന്റെ തുടർ നടപടികൾ ഇന്നത്തെ ഹാജരിന് ശേഷം കോടതി തീരുമാനിക്കും.

**English Summary:**

Reporters TV owners and accused in the Muthil tree felling fraud case, Roji Augustin, Anto Augustin and Josukutty Augustin, will appear before Chottanikkara Magistrate Court today. The case relates to a 2021 complaint by Ambalamedu police alleging illegal tree felling in Muthil and cheating by selling to a timber company. The accused had earlier sought time from High Court and also petitioned to stay proceedings. The court had dismissed their plea to quash the case, stating the primary case is maintainable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379287/muttil-tree-felling-fraud-case-augustin-brothers-to-appear-in-chottanikkara-court-today)