---
title: "ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; പമ്പ് ജീവനക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം "
english_title: "Delhi CNG Cylinder Blast Three Dead In Tikri Kalan Metro Station Area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379276/delhi-cng-cylinder-blast-three-dead-in-tikri-kalan"
published_at: "2026-08-20T08:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a866e32e0739_delhi-cng-cylinder-blast-three-dead-in-tikri-kalan.jpg"
keywords: ["CNG Cylinder Explosion", "Delhi Fire Service", "Mundka Hospital", "Fire Death"]
---

# ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; പമ്പ് ജീവനക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഡൽഹിയിലെ ടിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്യാസ് ഫില്ലിങ് സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സ്ഫോടനം. അപകടത്തിൽ മരിച്ച മൂന്ന് പേരും പമ്പിലെ ജീവനക്കാരാണ്. സംഭവസ്ഥലത്ത് വൻ പോലീസ് സേനയും അഗ്നിരക്ഷാ സന്നാഹവും വിന്യസിച്ചിട്ടുണ്ട്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഡൽഹിയിലെ ടിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്യാസ് ഫില്ലിങ് സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സ്ഫോടനം. അപകടത്തിൽ മരിച്ച മൂന്ന് പേരും പമ്പിലെ ജീവനക്കാരാണ്. സംഭവസ്ഥലത്ത് വൻ പോലീസ് സേനയും അഗ്നിരക്ഷാ സന്നാഹവും വിന്യസിച്ചിട്ടുണ്ട്.

ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന് സമീപം ആറ് പേർ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടർ നിറയ്ക്കുന്ന ജോലിയിലായിരുന്ന മനീഷ് (25) സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് ആശുപത്രിയിലാണ് സണ്ണി (30), ബ്രഹ്മ്ജീത് (34) എന്നിവർ മരിച്ചത്.

ട്രക്ക് ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ മറ്റ് മൂന്ന് പേരെ മുണ്ട്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വൈകിട്ട് 3.37ഓടെ വിവരമറിഞ്ഞ ഡൽഹി ഫയർ സർവീസിന്റെ ആറ് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറൻസിക് സയൻസ് സംഘവും ക്രൈം യൂണിറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തുവരികയാണ്. സിഎൻജി സിലിണ്ടറിലോ റീഫില്ലിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളിലോ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ എന്നും നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി.

**English Summary:**

Three people were killed and three others injured after a truck's CNG cylinder exploded while refueling at a gas filling station near Tikri Kalan Metro Station in Delhi. The deceased were employees at the station, identified as Manish (25), Sunny (30), and Brahmjeet (34). The injured, including the truck driver, were admitted to a hospital in Mundka, with one in critical condition. Police, along with forensic and crime units, have launched an investigation using CCTV footage to determine the cause and check if safety norms were met.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379276/delhi-cng-cylinder-blast-three-dead-in-tikri-kalan)